മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സഹായം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ജില്ലാ മാനസികാരോഗ്യ പരിപാടി. ഇതിന്റെ ഭാഗമായി എടത്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ സമ്പൂർണ്ണ മാനസികാരോഗ്യ ക്ലിനിക്ക് ആരംഭിച്ചു. പ്രദേശത്ത് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, ചികിത്സ മുടങ്ങിയവരെ കണ്ടെത്തി തുടർ ചികിത്സ ഉറപ്പുവരുത്തുക , ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ ബോധവൽക്കരണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

പദ്ധതിയുടെ ഭാഗമായി ചികിത്സയ്ക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കും പകുതിയിൽ ചികിത്സ മുടങ്ങിയവർക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സജ്ജീകരിച്ച ക്ലിനിക്കിലൂടെ സൗജന്യമായി ചികിത്സ സഹായങ്ങളും മരുന്നുകളും ലഭ്യമാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ വരുന്ന വീടുകളിൽ പരിശീലനം നൽകിയ ആശാപ്രവർത്തകർ മുഖേന സർവ്വേ നടത്തി. സർവേയിലൂടെ കണ്ടെത്തിയ രോഗികളെ സമ്പൂർണ്ണ മാനസികാരോഗ്യ ക്ലിനിക്കിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പിൽ എത്തിക്കുകയും അവരെ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും.

122 രോഗികളാണ് ആദ്യ ദിവസത്തെ ക്യാമ്പിൽ പരിശോധനയ്ക്കായി എത്തിയത്. ഓരോ മാസവും ഒരു ക്യാമ്പ് വീതം തുടർച്ചയായി മൂന്ന് മാസങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും മാനസികാരോഗ്യ വിദഗ്ധനും കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

ശേഷം സമ്പൂർണ്ണ മാനസികാരോഗ്യ ക്ലിനിക്കിലൂടെ മാനസിക വിദഗ്ധൻ പരിശോധിച്ച രോഗികൾക്ക് സൗജന്യമായ തുടർചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു.