ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര് പൂരം എല്ലാ ആഴ്ചയിലും ആസ്വദിക്കാന് വഴിയൊരുങ്ങുന്നു. തെക്കേ ഗോപുരനടയില് തൃശൂര് പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര് ഷോ പ്രദര്ശിപ്പിക്കാനുള്ള പദ്ധതിയാണ് അണിയറയില് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള് ഉള്പ്പെടെ പങ്കെടുത്ത യോഗത്തില് ഇതുമായി ബന്ധപ്പെട്ട് സ്റ്റീല് ഇന്ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്ക്ക്) തയ്യാറാക്കിയ സാംപിള് വീഡിയോ പ്രദര്ശിപ്പിച്ചു.

ഓരോ വര്ഷവും ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന പൂരത്തിന്റെ അനുഭവങ്ങള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തുന്നവര്ക്ക് സ്ഥിരമായി ആസ്വദിക്കാനുള്ള അവസരമാണ് പൂരം ലേസര് ഷോയിലൂടെ ഒരുങ്ങുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില് എല്ലാ ശനിയാഴ്ചകളിലും ഷോകള് നടത്താനാണ് പദ്ധതി. സില്ക്കാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉള്പ്പെടെ കൊടിയേറ്റം മുതല് ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും അതിമനോഹരമായി ലേസര്ഷോയിലൂടെ പുനര്ജനിക്കും. പൂരത്തിന്റെയും വടക്കും നാഥന് ക്ഷേത്രത്തിന്റെയും ചരിത്രവും ഷോയില് ഉള്പ്പെടുത്തും.

ലോകത്തിന്റെ നാനാഭാഗങ്ങളില് നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്ന രീതിയില് അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ലേസര് ഷോ തയ്യാറാക്കുക. മൂന്നര കോടി രൂപയോളം ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക. കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതല്ക്കൂട്ടാകുന്ന പദ്ധതിക്കുള്ള എല്ലാ വിധ സഹായവും പന്തുണയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

20 മിനുട്ടിലേറെ നീണ്ടു നില്ക്കുന്ന ലേസര് ഷോയില് പൂരത്തിന്റെ ആഘോഷവും താളവും മേളവുമെല്ലാം പുനരാവിഷ്‌ക്കരിക്കപ്പെടും. പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഉള്ക്കൊള്ളുന്ന വിധത്തിലായിരിക്കും ലേസര് ഷോ സംവിധാനിക്കുകയെന്നും മന്ത്രി പറഞ്ഞു. ലേസര്ഷോയ്ക്കായി ഏതെങ്കിലും രീതിയിലുള്ള നിര്മാണ പ്രവര്ത്തനങ്ങളോ സ്ഥിരം സംവിധാനങ്ങളോ ആവശ്യമില്ലെന്ന് ജില്ലാ കലക്ടര് അറിയിച്ചു. ഷോ നടക്കുന്ന സമയത്ത് സജ്ജീകരിക്കാവുന്ന വിധത്തിലുള്ള സംവധാനങ്ങളാണ് ഇതിനായി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങള്ക്കും ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും യോഗത്തില് പൂര്ണ പിന്തുണ വാഗ്ദാനം ചെയ്തു.