ആയിരം ബ്രാഞ്ചുകളും ഒരു ലക്ഷം കോടിയുടെ വ്യാപാരവുമാണ് കെ.എസ്.എഫ്.ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കെ.എസ്.എഫ്.ഇ വല്ലപ്പുഴ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറി. നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നു എന്നത് കെ.എസ്.എഫ്.ഇയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറിനുള്ളത്. കെ.എസ്.എഫ്.ഇ ചുരുങ്ങിയ പലിശ നിരക്കില്‍ സ്വര്‍ണ പണയ വായ്പയും ഹോം ലോണ്‍ ഉള്‍പ്പെടെ നല്‍കുന്നതും സാധാരണക്കാര്‍ക്ക് ഗുണപ്രദമാണ്.

പ്രവാസികള്‍ക്ക് ഗുണപ്രദമായതും സബ്‌സിഡി ലഭിക്കുന്നതുമായ പദ്ധതികളും കെ.എസ്.എഫ്.ഇ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ്, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ സനില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.