തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ മുന്നോടിയായി സഹായ ഉപകരണ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി 26 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ഇതില്‍ ജനറല്‍ വിഭാഗത്തിന് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണത്തിന് 14 ലക്ഷം രൂപയും എസ്.സി വിഭാഗത്തിന് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണത്തിന് ഏഴ് ലക്ഷം രൂപയും ശ്രവണ സഹായി, വീല്‍ ചെയര്‍ തുടങ്ങിയ ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയുമാണ് വകയിരുത്തിയത്.


തൃത്താല, തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി പഞ്ചായത്തുകളിലുള്ള 112-ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ.ജി. എസ്. അഷീഷ്, സി.ഡി.പി.ഒ ഉഷാദേവി, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.