ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആയിരക്കണത്തിന് ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകാൻ കഴിയുന്നുവെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പട്ടികജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന പട്ടികജാതി പട്ടികവര്ഗ വികസന കോര്പ്പറേഷന് സുവര്ണ ജൂബിലി ലോഗോ പ്രകാശനവും ഒറ്റത്തവണ കുടിശ്ശിക തീര്പ്പാക്കല് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാനവും നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കോർപ്പറേഷന്റെ ശാഖ വികസിപ്പിക്കുകയാണെങ്കിൽ ആദ്യം സ്ഥാപിക്കുക അട്ടപ്പാടിയിലാകുമെന്നും കോർപ്പറേഷന്റെ വിപുലികരണത്തിന് ആദ്യ പരിഗണന ഇനി നൽകുക ട്രൈബൽ മേഖലയ്ക്ക് ആകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളെയും കോർത്തിണക്കി രണ്ട് വർഷ കാലം കൊണ്ട് സർക്കാർ മുഖഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് അട്ടപാടിയിൽ നടപ്പിലാക്കിയത്. പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ എല്ലാവർക്കും കരുതലാകുന്ന ഒന്നാകണമെന്നും മന്ത്രി പറഞ്ഞു.

പഴയ കാലത്തെ അതേ രീതിയിൽ തുടർന്നു പോകുകയ പുതിയ കാലഘട്ടത്തിന്റെ പ്രത്യേകതകൾ മനസിലാക്കി അതിന് അനുസരിച്ച് കോർപറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മെച്ചപ്പെടുത്തും. കോർപ്പറേഷൻ നൂതനമായ പദ്ധതികൾ ആവിഷ്കരിക്കണം. പല മേഖലകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനും ആളുകളുടെ ജീവിതം മെച്ചപ്പെടുത്താനും കഴിയണമെന്ന് മന്ത്രി പറഞ്ഞു.
കോര്പറേഷന് ആസ്ഥാനത്ത് നടന്ന ചടങ്ങില് പി ബാലചന്ദ്രന് എംഎല്എ അധ്യക്ഷനായി. തൃശൂര് കോര്പറേഷന് കൗണ്സിലര് റെജി ജോയ് ചാക്കോള, പട്ടികജാതി പട്ടികവര്ഗ വികസന കോര്പറേഷന് ഡയരക്ടര് കെ കൃഷ്ണന്, കോര്പറേഷന് ചെയര്മാന് യു ആര് പ്രദീപ്, മാനേജിംഗ് ഡയരക്ടര് വി പി സുബ്രഹ്മണ്യന് തുടങ്ങിയവര് സംസാരിച്ചു.