വയനാട്: ഫുട്ബോളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന കിക്കോഫ് ഗ്രാസ് റൂട്ട് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് ജില്ലയില്‍ പനമരത്ത് തുടക്കമാവും. ജില്ലയിലാദ്യമായി പദ്ധതി പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നടപ്പാക്കുക. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ഇടപെടലുകളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ പനമരത്ത് സെന്റര്‍ അനുവദിച്ചത്. യൂറോപ്യന്‍ ശൈലിയിലുള്ള അണ്ടര്‍ 10, അണ്ടര്‍ 13 വിഭാഗത്തിലുള്ള കൗമാര ഫുട്ബോള്‍ പദ്ധതി സംസ്ഥാനത്തെ 15 വിദ്യാലയങ്ങളിലാണ് നടപ്പാക്കുക. കുട്ടികളിലെ ഫുട്ബോള്‍ കളിയോടുള്ള സമീപനം തുടക്കത്തിലെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ആഴ്ചയിലും രണ്ടു ദിവസത്തെ പരിശീലനമാണ് നല്‍കുക. കുട്ടികള്‍ക്ക് ആവശ്യമായ ലഘു ഭക്ഷണം, ജഴ്സി, ബൂട്ട് ഉള്‍പ്പെടെയുള്ളവ സൗജന്യമായി നല്‍കും. ഓരോ സെന്ററിലും കോച്ച്, അസിസ്റ്റന്റ് കോച്ച് എന്നിവയുടെ സേവനവും ലഭ്യമാക്കും. അതോടൊപ്പം തന്നെ വിദഗ്ധരായ വിദേശ കോച്ചുകളുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഫുട്ബോള്‍ പരിശീലിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കും. ബന്ധപ്പെട്ട എം.എല്‍.എ ചെയര്‍മാനായ കമ്മിറ്റിയാണ് സെന്ററിന്റെ ഭരണചുമതല. സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ എന്നിവയുടെ നിരീക്ഷണത്തലാവും സെന്റര്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ പനമരത്ത് സെന്റര്‍ സ്ഥാപിക്കുന്നതോടെ ജില്ലയിലെ ഫുട്ബോള്‍ മേഖലയ്ക്കു ഉണര്‍വേകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
