അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിദ്യാലയങ്ങളേയും ആദരിച്ചു. ‘തിളക്കം 2023 പ്രതിഭാ സംഗമം’ ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നടക്കുന്നതെന്നും ഭാവി ജീവിതത്തിൽ വിജയങ്ങൾ കീഴടക്കാൻ വിദ്യാർത്ഥികൾക്ക് ഈ പുരസ്‌കാരങ്ങൾ പ്രചോദനമാകണമെന്നും മന്ത്രി സജി ചെറിയാൻ ആശംസിച്ചു.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ 16 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിഭാഗങ്ങളിലായി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 510 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച, മീനാങ്കൽ ട്രൈബൽ സ്‌കൂൾ ഉൾപ്പെടെ 12 സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ വിജയം കൈവരിച്ച 8 സ്‌കൂളുകൾക്കും വി.എച്ച്.എസ്.സി വിഭാഗത്തിലെ 4 സ്‌കൂളുകൾക്കും പുരസ്‌കാരങ്ങൾ നൽകി.

ഉഴമലയ്ക്കൽ എസ്.എൻ ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കജ കസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ ജെ.ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, മറ്റ് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കണ്ണൻ എസ്. ലാൽ, ഹെഡ്മിസ്ട്രസ് ജി.ലില്ലി, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.