‘മാലിന്യ മുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിൽ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നത് കണ്ടെത്തിയാൽ അതത് ഓഫീസ് മേധാവിക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമാണ്. സിവിൽ സ്റ്റേഷനിൽ വാഹനാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

സിവിൽ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളിൽ ഏരിയ തിരിച്ച് ശുചീകരണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശുചീകരണ പ്രവൃത്തികളിൽ വിവിധ സർവ്വീസ് സംഘടനകളും, ട്രോമകെയർ വളണ്ടിയർമാർ, കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.

ഓഫീസുകളിൽ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മസേനയ്ക്കും ഇ- വേസ്റ്റ് ക്ലീൻ കേരള കമ്പനിയ്ക്കും കൈമാറും.കളക്ടറേറ്റ് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.