കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് ചാലക്കുടി നഗരസഭാതല കൂടിയാലോചനാ യോഗം ചേർന്നു. ചാലക്കുടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
ചാലക്കുടിയിലെ ശുചീകരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കേരള ഖരമാലിന്യ പരിപാലന പദ്ധതി ഫണ്ടിൽ നിന്ന് 8.30 കോടി രൂപയും നഗരസഭയ്ക്ക് അനുവദിച്ചു. മുൻസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മാലിന്യ സംസ്കരണ പദ്ധതികൾ തയ്യാറാക്കി മാലിന്യമുക്ത നവകേരളം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത മാതൃകയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എ ഐ ഐ ബി) തുടങ്ങിയവരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തിന് ആവശ്യമായ പരിപാലന രീതികൾ കണ്ടെത്തുന്നതിന് ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിച്ചു.
മാലിന്യ സംസ്കരണത്തിന് ആധുനിക സംവിധാനങ്ങൾ ഒരുക്കുക, സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, നഗരസഭകളിൽ ആവശ്യമായ പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കുക, പ്രാദേശിക മാലിന്യ സംസ്കരണ സംവിധാനം വിഭാവനം ചെയ്യുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാതൃകാ പദ്ധതി തയ്യാറാകുന്നത്.
യോഗത്തിൽ കേരള ഖരമാലിന്യ സംസ്കരണ പദ്ധതി പ്രൊജക്ട് കോർഡിനേറ്റർ അരുൺ വിൻസന്റ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോർജ് തോമസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസി സുനിൽ, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ ആന്റണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ജോൺസൺ, സഗരസഭ സെക്രട്ടറി ഹബീബ് വി എച്ച്, ആരോഗ്യ പ്രവർത്തകർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.