കല്‍പ്പറ്റ നഗരസഭയില്‍ ഇരുപത് വര്‍ഷത്തേയ്ക്കുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗൂഡലായ്ക്കുന്ന് ഫുട്ബാള്‍ ടര്‍ഫില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു. ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്ത് എന്നിവര്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിച്ചു.

ചര്‍ച്ചയില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കല്‍പ്പറ്റയുടെ വികസനത്തിനായി നഗരവികസനം, വികസന പദ്ധതികള്‍, ഗതാഗത സൗകര്യം, പാര്‍ക്കിംഗ്, പാര്‍പ്പിടം, കുടിവെള്ളം, കൃഷി, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. റോഡുകളുടെ വീതി, റിംഗ് റോഡ്, ബൈ പാസ്സ് റോഡ് എന്നിവയുടെ നിര്‍മ്മാണം, നഗരസഭയിലെ ഓരോ മേഖലയിലെയും വികസന പദ്ധതികള്‍ ഇനി നടപ്പിലാക്കുക മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കും.

ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്ന കരട് മാസ്റ്റര്‍ പ്ലാനില്‍ ആക്ഷേപങ്ങള്‍ അറിയിക്കുന്നതിന് ജനങ്ങള്‍ക്ക് അവസരമുണ്ടാകും. ആക്ഷേപങ്ങള്‍ പരിശോധിച്ചതിനു ശേഷമാകും മാസ്റ്റര്‍ പ്ലാന്‍ അന്തിമമാക്കുക. ആഗസ്റ്റ് 15 വരെ നിര്‍ദ്ദേശങ്ങള്‍ നഗരസഭയിലോ ടൗണ്‍ പ്ലാനിങ് ഓഫീസിലോ നേരിട്ടോ ാമേെലൃുഹമിം്യറ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാം. നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ സംസാരിച്ചു.