പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന തടയുന്നതിനും അവശ്യസാധനങ്ങളുടെ അനധികൃത വിലക്കയറ്റം, അമിതവില ഈടാക്കൽ, പൂഴ്ത്തി വയ്പ്, കരഞ്ചന്ത എന്നിവ തടയുന്നതിനും വിപണി ഇടപെടലിലൂടെ വിലക്കയറ്റം ചെറുക്കുന്നതിനുമായി ജൂൺ 16 മുതൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന തുടരും. ഇതിനോടകം ആകെ 308 പലചരക്ക് കടകളും 209 പച്ചക്കറി കടകളും 59 ഹോട്ടലുകളും 51 ബേക്കറികളും പരിശോധിച്ചു.

പരിശോധനയിൽ 49 പലച്ചരക്ക് കടകളിലും 26 പച്ചക്കറി കടകളിലും, 7 ഹോട്ടലുകളിലും 5 ബേക്കറികളിലും ക്രമക്കേട് കണ്ടെത്തി. 15,000 രൂപ പിഴ ചുമത്തി. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, റവന്യു വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, പോലീസ് വകുപ്പ് എന്നിവ സംയുക്താമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.