2023-24 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തിയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാവുന്നതാണ്.

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ച് അഡ്മിഷൻ നേടണം.

നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ  അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി ഫീസ് അടച്ച് സ്ഥിര അഡ്മിഷൻ നേടണം.

ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ രണ്ടാമത്തെ അലോട്ട്‌മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതും അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകും.

ഇപ്പോൾ ലഭിച്ച അലോട്ട്‌മെൻറ്റിൽ  താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടും.

അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ ഓഗസ്റ്റ് രണ്ടിനു വൈകിട്ട് നാലിന് മുമ്പ് അതു പൂർത്തിയാക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരണം നടത്താവുന്നതാണ്.