ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾക്ക് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്വാതന്ത്ര്യ ദിനാഘോഷം സംബന്ധിച്ച ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ
അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വിവിധ വകുപ്പുകൾ അടിയന്തരമായി പൂർത്തീകരിക്കേണ്ട ജോലികൾ സംബന്ധിച്ച് കളക്ടർ നിർദേശം നൽകി.
സ്വാതന്ത്ര്യ ദിന പരേഡ് നടക്കുന്ന സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലും അപ്രോച്ച് റോഡുകളിലും ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

ആയിരം പേർക്ക് പങ്കെടുക്കാവുന്ന പന്തൽ ആണ് ക്രമീകരിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സ്കൂൾ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. സ്കൂൾ ബാൻഡുകൾ, പ്ലറ്റൂണുകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂൾ ബാൻഡുകളും പറ്റൂണുകളും
9061518888 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടണം.

ഓഗസ്റ്റ് 10, 11, 12 തീയതികളിലാണ് പരേഡ് റിഹേഴ്സൽ നടക്കുന്നത്. 12-ാം തീയതി രാവിലെ 7 മുതലാണ് ഫൈനൽ റിഹേഴ്സൽ. റിഹേഴ്സലുകളിലും സ്വാതന്ത്ര്യ ദിന പരേഡിലും പങ്കെടുക്കുന്ന കുട്ടികൾക്ക് ബസുകളിൽ കൺസെഷൻ അനുവദിക്കും.

സ്വാതന്ത്ര്യദിന പരേഡില്‍ പൊലീസ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ് എന്നിവയ്ക്കുപുറമേ അഗ്‌നിരക്ഷാസേനയുടെ സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാര്‍ക്കും അവസരമുണ്ടാകും.

പരേഡില്‍ പങ്കെടുക്കുന്ന പ്ലറ്റൂണുകളില്‍ നിന്ന് ഓരോ വിഭാഗത്തിലും മികച്ചു നില്‍ക്കുന്നവര്‍ക്കു സമ്മാനങ്ങള്‍ നല്‍കും. ദേശീയഭക്തി ഗാനാലാപനം ഉള്‍പ്പടെയുള്ള പരിപാടികളും പരേഡിനോട് അനുബന്ധിച്ചു നടത്തും. സ്വാതന്ത്ര്യ ദിനാഘോഷ ത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം നൽകും.

കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.