എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മദർ ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷേറ്റീവ് (എം.ബി. എഫ്.എച്ച്.ഐ )അംഗീകാരം. ദേശീയ ആരോഗ്യ ദൗത്യം നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് എറണാകുളം സർക്കാർ മെഡിക്കൽ കോളജ് 94.8% മാർക്കോടെ യാണ് അംഗീകാരം കരസ്ഥമാക്കിയത്.

മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെയും സ്ത്രീ രോഗ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് അംഗീകാരം നേടാൻ കഴിഞ്ഞത്. കുട്ടികൾക്കു മുലപ്പാൽ നൽകുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗർഭകാലം മുതൽ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും അമ്മക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് പദ്ധതി.

കൃത്രിമ പാൽ കുഞ്ഞുങ്ങൾക്ക് നൽകുന്നതിനോ അവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെയോ മെഡിക്കൽ കോളേജിൽ അനുവദിക്കുന്നതുമല്ല. കുട്ടി ജനിച്ച് ഉടൻ മുലപ്പാൽ നൽകുന്നതിനുള്ള സജ്ജീകരണം മെഡിക്കൽ കോളേജിൽ ഉറപ്പുവരുത്തുന്നു.

എൻ. ഐ. സി. യു വിൽ പ്രവേശിപ്പിക്കപ്പെടുന്ന മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് പോലും മുലപ്പാൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ശിശുരോഗ വിഭാഗം മേധാവി ഡോ.ഷിജി ജേക്കബ് എം. ബി. എഫ്. എച്ച്. ഐ നോഡൽ ഓഫീസർ, ശിശുരോഗവിഭാഗം ഡോ.സാജിത അബ്ദുള്ള എന്നിവരുടെയും സ്ത്രീ രോഗ വിഭാഗത്തിലെ എല്ലാ ഡോക്ടർമാരുടെയും ദേശീയ ആരോഗ്യ ദൗത്യം പി.ആർ.ഒ സംഗീത ജോൺ, നഴ്സുമാർ എന്നിവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്.