വടകരയിലെ തീരദേശ മേഖലയായ ആവിക്കല്‍ ഭാഗത്തെ കടല്‍ ഭിത്തിയിലുള്ള ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.കെ രമ എം.എല്‍.എ. മഴ കനക്കുകയും കടല്‍ ക്ഷോഭം രൂക്ഷമാവുകയും ചെയ്യുന്ന സമയങ്ങളില്‍ ഈ വിടവിലേക്ക് കടല്‍ അടിച്ചു കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വെള്ളത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിടവിന്റെ ഇരു വശങ്ങളിലുമുള്ള കടല്‍ഭിത്തിപോലും തകരുന്ന സ്ഥിതിയാണ്.

കനത്ത മഴപെയ്ത സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട പ്രശ്‌നമെന്ന നിലയിലാണ് ഇതിനായി സര്‍ക്കാര്‍ 18 ലക്ഷം രൂപ അനുവദിച്ചത്. പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, കരാറുകാരനും, പ്രദേശവാസികളും സ്ഥലം സന്ദര്‍ശിക്കുകയും പ്രവൃത്തികള്‍ സംബന്ധിച്ചു വിലയിരുത്തുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ഷാഹിമയും ഒപ്പമുണ്ടായിരുന്നു.