മേപ്പയ്യൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌.

ആറുവരിയുള്ള സിന്തറ്റിക്‌ ട്രാക്ക്, ഫുട്‌ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവയാണ് ഫെസിലിറ്റേഷൻ സെൻ്ററിലുള്ളത്. കൂടാതെ, മൂന്നു നിലകളിലായി മൾട്ടി ജിം, ഇൻഡോർ ഗെയിം ഏരിയ, ജമ്പിങ് പിറ്റ്, ഗെയിംസ് ഓഫീസ് എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

2019 നവംബറിലാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ നിയന്ത്രണത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് പണി പൂർത്തിയാക്കിയത്.

പൊതുവിദ്യാഭ്യാസ യജ്ഞത്തിൽ ഉൾപ്പെടുത്തി നേരത്തെ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉർത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളാണ് ഒരുക്കിയത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നിലവിൽ നാലായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.