കല്ലിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍

മലയോര ഹൈവേയുടെ ഭാഗമായി വഴിനടച്ചിറ പാലം പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതില്‍ സ്ഥലം ഉടമകളുമായി ധാരണയില്‍ എത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പുതിയ പാലം നിര്‍മിക്കുന്നതിനായി 11 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. ഇതില്‍ 8 പേര്‍ സ്ഥലം വിട്ടുനല്‍കാന്‍ യോഗത്തില്‍ വച്ചു തന്നെ സമ്മതിച്ചതായി മന്ത്രി അറിയിച്ചു.

മൂന്ന് കോടി രൂപയാണ് പാലം നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പാലം നിര്‍മാണത്തിന് ആവശ്യമായ സാങ്കേതികാനുമതി ഇതിനകം കിഫ്ബിയില്‍ നിന്നും ലഭ്യമായതായും മന്ത്രി അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ തുക കിഫ്ബി വഴി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പാലത്തിനാവശ്യമായി എത്ര സ്ഥലം ഏറ്റെടുക്കേണ്ടിവരും എന്ന് കണ്ടെത്തുന്നതിനായി കല്ലിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. അതിനു ശേഷം ഏറ്റെടുക്കുന്ന സ്ഥലത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സ്ഥലം ഉടമകളുമായി പങ്കുവയ്ക്കും.

വിലങ്ങന്നൂര്‍ മുതല്‍ വെള്ളികുളങ്ങര വരെ നീണ്ടു നില്‍ക്കുന്ന മലയോര ഹൈവേയ്ക്ക് കിഫ്ബിയില്‍ നിന്ന് 144 കോടി രൂപയുടെ അനുമതി ഇതിനകം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ധാരണയില്‍ എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളിലേക്ക് പ്രവേശിക്കാനാകും. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചു നല്‍കുന്നതിന് ഒരു ആര്‍ ആര്‍ പാക്കേജ് തയ്യാറാക്കുന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

സ്ഥലം ഉടമകളുമായി നടന്ന ചര്‍ച്ചയില്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍, തൃശ്ശൂര്‍ തഹസില്‍ദാര്‍ ടി ജയശ്രീ,
റവന്യൂ, കിഫ്ബി, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.