ഒല്ലൂർ നിയോജക മണ്ഡലത്തിൽ സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ആഗസ്റ്റ് 10, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മണ്ണൂത്തി വെറ്റിനറി കോളേജ് ഗോൾഡൻ ജൂബിലി അലൂമിനി ഹാളിൽ വെച്ച് റവന്യു വകുപ്പ് സംഘടിപ്പിച്ച ഒല്ലൂർ നിയോജക മണ്ഡലം പട്ടയ അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ഡലത്തിൽ സ്റ്റേ പട്ടയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി കൈകാര്യം ചെയ്യാനാണ് രണ്ട് ദിവസങ്ങളിലായി ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 10 ന് പാണഞ്ചേരി , പീച്ചി മേഖലയിലുള്ളവർക്കും ഓഗസ്റ്റ് 11 ന് മുളയം , മന്ദാമംഗലം മേഖലയിലുള്ളവർക്കുമായിരിക്കും അദാലത്തെന്നും മന്ത്രി പറഞ്ഞു.

വനഭൂമി പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒല്ലൂർ , ചാലക്കുടി, ചേലക്കര എന്നീ മേഖലകളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.

വനഭൂമി പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വനം വകുപ്പ് മന്ത്രിയുമായി ചേർന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രിയെ ബന്ധപ്പെട്ട് തീരുമാനം എടുക്കും. ഇറിഗേഷൻ പട്ടയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി ഇറിഗേഷൻ മന്ത്രിയുമായും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

നോൺ റീവേട്ടബിൾ ഫോറസ്റ്റ് (എൻആർഎഫ്) ഭൂമിയെ കുറിച്ച് പഠനം നടത്തുമെന്നും പുത്തൂർ ഗ്രാമ പഞ്ചായത്ത് ശ്മാശന ഭൂമി പട്ടയത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ കോളനികൾക്കും പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  സംസ്ഥാനത്തെ ഒരു സാധാരണക്കാരനായ മനുഷ്യന് , ഭൂരഹിതരായ മനുഷ്യന് ഭൂമി ലഭ്യമാക്കാൻ ഒരു നിയമമോ ചട്ടമോ ഭേദഗതി ചെയ്യേണ്ടി വന്നാൽ ആ നിയമവും ചട്ടവും ഭേദഗതി ചെയ്യാൻ നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടയ അസംബ്ലിയിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ , ഇന്ദിര മോഹൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ , സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി, എൽ ആർ ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ ജയശ്രീ, മറ്റു ജനപ്രതിനിധികൾ , വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.