ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ആഗസ്റ്റ് അഞ്ചിനകം റോഡ് നിർമ്മാണത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതി വരുത്തണമെന്നും പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടും ചേറ്റുവ റോഡ് നിർമ്മാണത്തിൽ പുരോഗതി കാണുന്നില്ലെന്നും എൻ കെ അക്ബർ എംഎൽഎ യോഗത്തിൽ ചൂണ്ടികാട്ടി. ചാവക്കാട് സുനാമി കോളനിയിൽ അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കി അർഹതപ്പെട്ടവരെ ഉടൻ താമസിപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.

ചാവക്കാട് അഞ്ചങ്ങാടി പ്രദേശത്തെ കടൽ ഭിത്തി നിർമ്മാണം അടുത്ത ജില്ലാ വികസന സമിതി യോഗത്തിനു മുമ്പ് തീർക്കണമെന്ന് കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മമ്മിയൂർ ജംഗ്ഷനിൽ കാന നിർമ്മാണത്തിനായി മുറിച്ച മരം സ്ഥലത്തുനിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനും കലക്ടർ നിർദ്ദേശിച്ചു. ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിൽ നിലവിലുള്ള വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് കലക്ടർ എൻ എച്ച് എ ഐ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിലെ വിദ്യാലയങ്ങളിൽ പേര് മലയാള ഭാഷയിൽ പ്രദർശിപ്പിക്കണമെന്ന ഇ ടി ടൈസൺ മാസ്റ്ററുടെ നിർദേശത്തോടനുബന്ധിച്ച നടപടി ഈ മാസം 31നകം പൂർത്തീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

നാട്ടിക കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികളിലെ അനാസ്ഥയിൽ എംഎൽഎമാർ അതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ പ്രവർത്തനത്തിനായി കലക്ടറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരാനും തീരുമാനിച്ചു. എം എൽഎമാരുടെ ഫണ്ട് വിനിയോഗത്തിൽ വകുപ്പുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഉദ്യോഗതലത്തിൽ യോഗം ചേരണമെന്നും സി സി മുകുന്ദൻ എംഎൽഎ ആവശ്യപ്പെട്ടു.

കലക്ട്രേറ്റ് കോമ്പൗണ്ടിലും ചാലക്കുടി അടിപ്പാതയുടെ സമീപം ട്രാംവേയിലുമായി ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കാൻ വാഹന ഉടമകൾക്ക് നോട്ടീസ് നൽകി 15 ദിവസം കഴിഞ്ഞാൽ ലേലം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ടെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ ,സി സി മുകുന്ദൻ ,കെ കെ രാമചന്ദ്രൻ ,രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി അജിത് കുമാർ കെ, ബെന്നി ബെഹനാൻ എംപിയുടെ പ്രതിനിധി ടി എൻ നാസർ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ എഡിഎം ടി മുരളി ,സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.