പ്രദേശത്തെ ടൂറിസം ഹബ്ബാക്കി മാറ്റും: മന്ത്രി കെ രാജന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോട് ചേര്‍ന്നു കിടക്കുന്ന മാന്ദാമംഗലത്തെ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സും മള്‍ട്ടിപ്ലസ് തിയേറ്ററും അടങ്ങുന്ന കെട്ടിട സമുച്ചയം നിര്‍മിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി റവന്യു മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്‍ മായ, കെഎസ്എഫ്ഡിസി (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു.

സാംസ്‌കാരിക വകുപ്പിന് കീഴിലാണ് മള്‍ട്ടിപ്ലസ് തിയറ്റര്‍ ഉള്‍പ്പെടെയുള്ള കോംപ്ലക്‌സ് നിര്‍മിക്കുക. മാന്ദാമംഗലം വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് കിടക്കുന്ന ഒന്നര ഏക്കറോളം സ്ഥലത്താണ് കോപ്ലക്‌സ് നിര്‍മ്മാണം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ രൂപരേഖ തയ്യാറാക്കി സാംസ്‌കാരിക വകുപ്പിന് നല്‍കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒരാഴ്ചയ്ക്കകം രൂപരേഖ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, പുത്തൂര്‍ കായല്‍, പീച്ചി ഡാം, ചിമ്മിനി ഡാം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുമായി ചേര്‍ന്ന് കിടക്കുന്ന മാന്ദാമംഗലത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോംപ്ലക്‌സ് നിര്‍മാണത്തിന് പദ്ധതിയിടുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് അശ്വതി സുനീഷ്, പഞ്ചായത്തംഗങ്ങള്‍, തൃശൂര്‍ തഹസില്‍ദാര്‍ ടി ജയശ്രീ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.