• സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
  • ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി പി പ്രസാദ്

അതിരപ്പിള്ളി പഞ്ചായത്തില്‍ നടപ്പിലാക്കിവരുന്ന ട്രൈബല്‍വാലി കാര്‍ഷിക പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ആദിവാസി വിഭാഗത്തിന്റെ കാര്‍ഷിക ഉത്പ്പന്നങ്ങളും വനവിഭവങ്ങളും സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ചിക്ലായിയില്‍ ആരംഭിച്ച സെന്‍ട്രല്‍ പ്രൊസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേന്‍, നെല്ല് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും അവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായാണ് 1.23 കോടി രൂപ ചെലവില്‍ പ്രൊസസിംഗ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവ അതിരപ്പിള്ളി എന്ന ബ്രാന്റ് നാമത്തില്‍ മനോഹരമായ പാക്കേജിലാണ് വിപണയിലെത്തിക്കുക. കൃഷി പ്രോത്സാഹനം മുതല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം വരെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അതിരപ്പിള്ളി വാലി ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്.

കാര്‍ഷിക ഉത്പ്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കേരള ഗ്രോ ബ്രാന്റിന് കീഴില്‍ അതിരപ്പിള്ളി ട്രൈബല്‍വാലി ഉത്പ്പന്നങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇവയുടെ വിപണന സാധ്യത മെച്ചപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി ബ്രാന്റ് ഉത്പ്പന്നങ്ങളുടെ വിപണന യൂനിറ്റുകള്‍ തുടങ്ങും. ഓണ്‍ലൈനിലും ഇവയുടെ വില്‍പ്പനയ്ക്ക് വഴിയൊരുക്കും.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 7.91 കോടി ചെലവില്‍ നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഊരുകള്‍ കേന്ദ്രീകരിച്ച് 14 ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. ഈ ക്ലസ്റ്ററുകളെ കൃഷിക്കൂട്ടങ്ങളായി അംഗീകരിക്കും. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി രണ്ട് വര്‍ഷം കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, കാര്‍ഷിക ഉത്പാദക കമ്മീഷണര്‍ ഡോ. ബി അശോക്, കെഎല്‍ഡിസി ചെയര്‍മാന്‍ പി വി സത്യനേശന്‍, ജനപ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.