പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ വികസനത്തിന് വിശദമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് അതികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ തൊഴിലാളികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. എസ്റ്റേറ്റിലെ തേയിലയുടെ ഉത്പ്പാദനം കൂട്ടാന്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ജൈവ രീതിയിലുള്ള കൃഷി രീതിയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കണം. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പരിഹരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. എസ്റ്റേറ്റിലുള്ള ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരടക്കമുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പുമായി ചര്‍ച്ച ചെയ്യും. എസ്റ്റേറ്റില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകുന്നതിനായി കെ.എസ്.ആര്‍.ടി.സിയുമായി ആലോചിച്ച് ഗ്രാമവണ്ടികളുടെ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. ഭരണ സമിതിയില്‍ ആവശ്യമെങ്കില്‍ ഭേദഗതികള്‍ വരുത്തി കാര്യക്ഷമമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ഒ.ആര്‍ കേളു എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കൗണ്‍സിലര്‍ ഫാത്തിമ്മ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍ മേഘശ്രീ തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ടി.ഡി.ഒ സി. ഇസ്മയില്‍, എസ്റ്റേറ്റ് ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.