ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതിയെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മേരിമാത കോളേജില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ രോഗനിര്‍ണ്ണയ ക്യാമ്പിന്റെയും ആരോഗ്യ ബോധവത്ക്കരണ ക്ലാസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അധികാര വികേന്ദ്രീകരണം ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യത്തില്‍ മാറ്റം കൊണ്ടുവന്നു. എഞ്ചിനീയറിംഗ്, മെഡിസിന്‍, നിയമ പഠനം, സിവില്‍ സര്‍വീസ് തുടങ്ങിയ വിവിധ മേഖലകളില്‍ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സ്മിത, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ് കുമാര്‍, സി ഡാക് അസോസിയേറ്റ് ഡയറക്ടര്‍മാരായ പി.എസ്. സുബോധ്, ദേവാനന്ദ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാരായ സി. ഇസ്മയില്‍, ജി. പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.