ചാല കമ്പോളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 751 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചാല കമ്പോളത്തിൽ പ്രവർത്തിക്കുന്ന ഒരു മൊത്തവ്യാപാര സ്ഥാപനത്തിന്റെ ലോറിയിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻശേഖരമാണ് കണ്ടെത്തിയത്. പരിശോധന വിവരമറിഞ്ഞ് സ്ഥാപന ഉടമ സ്‌ക്വാഡ് എത്തുന്നതിന് മുൻപേ ഗോഡൗൺ പൂട്ടി. തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ചാലകമ്പോളത്തിലെ മറ്റ് ചെറുകിട സ്ഥാപനങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാപാരികൾ ഉത്പന്നങ്ങൾ കണ്ടുകെട്ടുന്നത് തടഞ്ഞതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെയാണ് ഇവിടെയും പരിശോധന പൂർത്തിയാക്കിയത്. പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭയ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറിയിച്ചു.

തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ പ്രതിനിധികൾ, പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മാലിന്യസംസ്‌കരണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനായും ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജില്ലാ നോഡൽ ഓഫീസറുമായാണ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്.