അരുവിക്കര പഞ്ചായത്തിലെ ചെറിയകൊണ്ണി-തൂശിക്കോണം എൻ.എസ്.എസ് സ്‌കൂൾ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗകര്യമുള്ള യാത്ര മാർഗങ്ങളാണ് ഇന്നത്തെ കാലത്ത് വികസനത്തിന്റെ പ്രഥമ സൂചികയെന്നും കാലോചിതമായ നവീകരണത്തിലൂടെ റോഡ് കൂടുതൽ ഗതാഗതയോഗ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 52 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ഉയർന്ന കുത്തനെയുള്ള ചരിവിൽ സ്ഥിതിചെയ്യുന്ന റോഡിലൂടെയുള്ള ഗതാഗതം പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ചെറിയകൊണ്ണി-തൂശിക്കോണം എൻ.എസ്.എസ് സ്‌കൂൾ വഴിയുള്ള റോഡ് പുതുക്കി പണിയുന്നത്. ഡ്രെയിനേജ് സൗകര്യത്തിന്റെ അഭാവവും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
റോഡിന്റെ ഇരുവശങ്ങളിലും 50 മീറ്റർ നീളത്തിൽ പാറ അടുക്കി മണ്ണ് നിലനിർത്തുന്ന രീതിയിലാണ് നിർമാണം. 360 മീറ്റർ നീളമുള്ള സിമെന്റ് കോൺക്രീറ്റ് സൈഡ് ഡ്രെയിനിന്റെ നിർമാണം, ബോക്‌സ് കൾവർട്ട്, ക്രോസ് ഡ്രെയിനിന്റെ നിർമാണം എന്നിവയും മഴവെള്ളത്തിന്റെ ഒഴുക്കിനും റോഡ് ഗതാഗതം സുഗമമാക്കുന്നതിനുമായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അധ്യക്ഷയായിരുന്നു.