സർക്കാരിൻ്റെ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന്: മന്ത്രി ജി ആർ അനിൽ

മികവിന്റെ കേന്ദ്രങ്ങളായി സർക്കാർ സ്കൂളുകൾ മാറിയെന്നും മറ്റെന്തിനെക്കാൾ പ്രാധാന്യം വിദ്യാഭ്യാസ രംഗത്തിനാണ് സർക്കാർ നൽകുന്നതെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മികവ് വിദ്യാഭ്യാസ – പ്രതിഭാ പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകൾ ശക്തമാക്കാൻ സർക്കാർ മികച്ച ഇടപെടൽ നടത്തുകയാണെന്നും അവസാന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റമാണ് വിദ്യാഭ്യാസ രംഗത്ത് വന്നതെന്നും മന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കിയത് ഏറെ അഭിമാനകരമാണ്. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പിടിഎ, അധ്യാപകരെല്ലാം ഒരേ മനസ്സോടെ നീങ്ങിയതിന്റെ പ്രകടമായ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മാസ്റ്റർ ഡാവിഞ്ചി, മികച്ച കുട്ടികളുടെ സിനിമയായി തെരഞ്ഞെടുത്ത പല്ലൊട്ടി 90 കിഡ്സിന്റെ സംവിധായകൻ ജിതിൻ രാജ്, സംസ്ഥാന അധ്യാപക അവാർഡ് നേടിയ സരസു ടീച്ചർ, സംസ്ഥാന സർക്കാരിൻറെ ഐ സി ഡി എസ് അവാർഡ് നേടിയ വെള്ളാങ്ങല്ലൂരിലെ 61 നമ്പർ അങ്കണവാടി, കരിങ്കാളിയല്ലേ എന്ന പ്രശസ്ത ഗാനം ആലപിച്ച അനൂപ് പുതിയേടത്ത്, മാതൃക മാതാപിതാക്കളായ ലൈബി, ഉണ്ണി എന്നിവരെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ നിയോജകമണ്ഡലത്തിലെ 2023 വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും യഥാക്രമം എ പ്ലസ്, എ വൺ നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മന്ത്രി പുരസ്കാരം നൽകി അനുമോദിച്ചു.

മാള കാർമ്മൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, പ്രശസ്ത സിനിമതാരം ജോജു ജോർജ്, എഴുത്തുകാരനും സിനിമ താരവുമായ വി കെ ശ്രീരാമൻ എന്നിവർ മുഖ്യാതിഥികളായി.

അഡ്വ. വി ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്ധ്യ നൈസൺ, വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സംഘാടക സമിതി ജനറൽ കൺവീനർ കെ.വി വസന്ത് കുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു.