കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ ഏഴോം ഗ്രാമപഞ്ചായത്തിൽ സ്മാരകം ഒരുങ്ങുന്നു. രജത ജൂബിലി സ്മാരകമായ പഞ്ചായത്ത് സ്‌ക്വയറിന്റെ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ആറ് മണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

ഏഴോം ഇന്ത്യയിലെ ആദ്യ ജനകീയ സമ്പൂർണ സാക്ഷരതാഗ്രാമമെന്ന നേട്ടം കൈവരിച്ചതിന്റെ സ്മാരകമായ അക്ഷരശിൽപം പഞ്ചായത്ത് സ്‌ക്വയറിൽ സ്ഥാപിക്കും. ‘അധികാരം ജനങ്ങളിലേക്ക്’ എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വികസന സംസ്‌കാരത്തിൽ പുത്തൻ മാനങ്ങൾ തീർത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷമാണ് 2023. പഞ്ചായത്തിനു മുന്നിലുള്ള പരിമിതമായ സ്ഥലത്താണ് 14 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് സ്‌ക്വയർ ഒരുക്കിയത്. 1500 ചതുരശ്ര അടിയിലുള്ള ഇവിടം പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കി. പഞ്ചായത്തിന്റെ പരിപാടികളുടെ വേദിയായും  ഈ സ്ഥലം ഉപയോഗിക്കും. ശിൽപി ഉണ്ണികാനായി  തീർത്ത അക്ഷരശിൽപമാണ് പ്രധാന ആകർഷണം. റാന്തൽ വെളിച്ചത്തിൽ വായിക്കുന്ന മുത്തശ്ശിയുടെ ശിൽപമാണ് ഒരുക്കിയത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ കളിമൺ നിറം നൽകി മൂന്നര അടി ഉയരത്തിലാണ് ശിൽപം ഒരുക്കിയത്.

1985ലാണ് അന്നത്തെ ഏഴോം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി പി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ ഏഴോത്ത് സാക്ഷരതാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ രൂപം കൊണ്ട കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്)യുടെ നേതൃത്വത്തിലാണ് സാക്ഷരതാ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.