അടിമാലി ഗ്രാമപഞ്ചായത്തില്‍ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. ഇരുമ്പുപാലം മില്‍മാ ഹാളില്‍ നടന്ന യോഗത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ ജിന്‍സി മാത്യു അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. 12.50 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ക്ഷീരകര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. എല്ലാ മാസവും 60 കിലോ കാലിത്തീറ്റയാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. പദ്ധതി പ്രകാരം 32 മാസം കാലിത്തീറ്റ വിതരണം ചെയ്യും.

പഞ്ചായത്തിലെ 100 ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു കുര്യാക്കോസ്, ബാബു കെ.ജെ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ആര്‍.രാജേശ്വരി, ഇരുമ്പുപാലം ക്ഷീരവികസന സഹകരണ സംഘം പ്രസിഡന്റ് കെ.പി ബേബി എന്നിവര്‍ സംസാരിച്ചു.