ലഹരിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നതിനായി അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ കലാകായിക സാംസ്കാരിക രംഗത്തെ പ്രതിഭ തെളിയിച്ചവർക്ക് നൽകുന്ന സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ആദരം “മുന്നോട്ട് 2023” പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ലഹരി സമൂഹത്തിൽ വലിയ ഭീഷണിയായി ഉയർന്നുവരികയാണ്. കൊച്ചുകുട്ടികളെ പോലും ഇരകളാക്കുന്ന മാരക ലഹരി വസ്തുക്കളുടെ ഉപയോഗം ഗൗരവകരമായി കാണണം. അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയിൽപ്പെട്ടാൽ ശരിയായ പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. വിജയികളെ മാത്രമല്ല വിജയം നേടാൻ ആവാതെ പോയവരെ കൂടി പരിഗണിക്കണം. വിജയങ്ങളുടെ സാമൂഹ്യവൽക്കരണമാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. വിജയം ഒരു വ്യക്തിയുടെ മാത്രം വിജയമോ നേട്ടമോ അല്ല. ഓരോ വിജയവും സമൂഹത്തിന്റെ മുഴുവൻ വിജയമാണ്.
നീതി ആയോഗിന്റെ മികച്ച വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏഴു വർഷങ്ങളായി കേരളം ഒന്നാമതാണ്. വിജയശതമാനം 99.9 ശതമാനത്തിൽ ഉയർന്നു. ഡൽഹിയിൽ നിന്നുൾപ്പടെയുള്ള അന്തർ സംസ്ഥാന സംഘങ്ങൾ മികച്ച വിദ്യാഭ്യാസ മാതൃക പഠിക്കാൻ കേരളത്തിൽ എത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായയും ഗുണമേന്മയും ഉയർന്നു. 10.5 ലക്ഷം വിദ്യാർഥികളാണ് പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതലായി കടന്നുവന്നത്. ഇന്ന് അധ്യാപകർക്ക് കുട്ടികളെ തേടി നടക്കേണ്ട ആവശ്യമില്ല, സർക്കാർ വിദ്യാലയങ്ങളുടെ വികസനം മികച്ച നിലവാരത്തിലേക്ക് സ്കൂളുകളെ ഉയർത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസരംഗത്തും കലാകായിക സാംസ്കാരിക രംഗത്തും മികവ് തെളിയിച്ച പ്രതിഭകളെയും നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷ തുടങ്ങിയവയിൽ വിജയം കൈവരിച്ച 771 വിദ്യാർത്ഥികളും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 98 പേരുമാണ് ആദരം ഏറ്റുവാങ്ങിയത്. ഓരോരുത്തരുടെയും ചിത്രം ആലേഖനം ചെയ്ത ഫലകവും ഉപഹാരം ഏറ്റുവാങ്ങുമ്പോൾ എടുത്ത ചിത്രം ഫ്രെയിം ചെയ്തത് കൈപ്പറ്റിയുമാണ് ഓരോ പ്രതിഭയും മടങ്ങിയത്. മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രേരിപ്പിക്കുന്ന അനുമോദനമായി “മുന്നോട്ട് 2023”.
തൃശൂർ മെഡിക്കൽ കോളേജ് അലുമിനി അക്കാദമിക് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം ഗോപി, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ എന്നിവർ മുഖ്യാതിഥികളായി. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ലെനിൻ, കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഡി വികാസ് രാജ്, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുനിൽകുമാർ, ലക്ഷ്മി വിശ്വംഭരൻ, തങ്കമണി ശങ്കുണ്ണി, കെ കെ ഉഷാദേവി, കെ ജെ ബൈജു, സിമി അജിത് കുമാർ, ഔഷധി ഡയറക്ടർ ബോർഡ് അംഗം എ എസ് കുട്ടി, ജലീൽ ആദൂർ, മേരി തോമസ്, മറ്റ് ജനപ്രതിനിധികൾ, പൊതു മേഖല സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.