കിടപ്പ് രോഗികളെയും പ്രായമായവരെയും ചേർത്തു നിർത്താൻ നൂതന ആശയങ്ങളുമായി വിദ്യാർഥികൾ. പിണറായിൽ നടന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം നാലാം പതിപ്പിന്റെ ഗ്രാന്റ് ഫിനാലെയിലാണ് കിടപ്പ് രോഗികൾക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തിയത്. ഡയപ്പറിന്റെ ഉപയോഗം പലർക്കും പ്രശ്നമാണ്. ഇത് പരിഹരിക്കാൻ നനവുണ്ടായാൽ ഉടൻ അറിയാൻ കഴിയുന്ന ഡയപ്പർ വികസിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികളായ ഫർഹ സാബിറും ഫാത്തിമ മെഹ്റിനും. ഇതിലൂടെ പെട്ടെന്ന് ഡയപ്പർ മാറ്റാനാകുന്നതിനാൽ രോഗിയുടെ പ്രയാസവും അലർജി പോലുള്ള പ്രശ്നങ്ങളും ഒഴിവാക്കാം. ലാഭത്തിനല്ല സാമൂഹ നന്മയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ഇവർ പറഞ്ഞു.

ഇതോടൊപ്പം പ്രകൃതി സൗഹൃദ ഡയപ്പറാണ്  കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ ദേവനന്ദയും ശിവഗംഗയും പരിചയപ്പെടുത്തിയത്. പ്രകൃതി സൗഹൃദമായതിനാൽ ഉപയോഗിക്കുന്നവർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. വൻകിട കമ്പനികൾ 35 രൂപക്ക് വരെ വിൽപ്പന നടത്തുമ്പോൾ 25 രൂപക്ക് ലഭ്യമാക്കാനാണ് ഈ മിടുക്കരുടെ ലക്ഷ്യം. കുടുംബശ്രീയുടെ സഹായത്തോടെ കുടിൽ വ്യവസായമായി ഉൽപ്പന്നം പുറത്തിറക്കുമ്പോൾ നിരവധിപേർക്ക് ജോലി നൽകാനാകുമെന്ന് പറഞ്ഞപ്പോൾ ദേവനന്ദയുടെ മുഖത്ത് അഭിമാനത്തോടെയുള്ള ചിരി പടർന്നിരുന്നു.

ഹോം നേഴ്സിന് പകരക്കാരനാകാൻ കഴിയുന്ന മിനി റോബോട്ടായിരുന്നു ആലപ്പുഴ പാറ്റൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളുടെ ആശയം. രോഗിയുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ വയോ സേവക് എന്ന ഈ റോബോയിലൂടെ സാധിക്കും. ഈ ആശയങ്ങൾ യാഥാർഥ്യത്തിൽ എത്തുന്നതോടെ ജീവിത സായാഹ്നത്തിലെ പ്രയാസം ഒരു പരിധി വരെ അകലുമെന്നാണ് പ്രതീക്ഷ.

ലാഭത്തിനൊപ്പം സാമൂഹിക നന്മ ഇഴ ചേർത്ത വ്യവസായങ്ങൾ

ലാഭം മാത്രം ലക്ഷ്യമിട്ടല്ല, സാമൂഹിക ഉത്തരവാദിത്തവും ഇഴ ചേർത്ത നൂതന വ്യവസായ മാതൃകകളാണ് പുതുതലമുറക്ക് അവതരിപ്പിക്കാനുള്ളത്. പിണറായി എ കെ ജി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം നാലാം പതിപ്പിന്റെ ഗ്രാന്റ് ഫിനാലെയിൽ അവതരിപ്പിച്ച ബിസിനസ് മോഡൽ വിഭാഗത്തിലെ കണ്ടുപിടുത്തങ്ങളാണ് സാമൂഹിക പ്രതിബദ്ധതയുടെ ചുവടുപിടിച്ചത്. സമൂഹത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന സുസ്ഥിരമായ പദ്ധതികളാണ് ഇവയിൽ പലതും.

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരാനുള്ള ഓർഗനൈസേഷണൽ മാതൃകകൾ, പ്ലാസ്റ്റിക് മാലിന്യം കുറക്കുന്നതിനും പരിസ്ഥിതിക്കും ആരോഗ്യ സംരക്ഷണത്തിനും മുതൽക്കൂട്ടാകുന്ന തരത്തിലുള്ള ഉപകരണ മാതൃകകൾ, കൊതുകുകളെ അകറ്റാനുള്ള ഔഷധ സസ്യങ്ങളിൽ നിന്നുള്ള ഓയിൽ നിർമ്മാണം തുടങ്ങിയ ആശയങ്ങൾ ബിസിനസ് മോഡൽ ഇന്നവേഷൻ വിഭാഗത്തിൽ മൂല്യനിർണ്ണയം നടത്തിയ വിദഗ്ധരിൽ നിന്നും പ്രശംസ നേടി.

ഓട്ടോമാറ്റിക് ആന്റി ഡ്രോൺ ടെക്നോളജി, ഒരു വ്യക്തിയുടെ ആരോഗ്യപരമായ വിവരങ്ങൾ മോണിറ്റർ ചെയ്യുന്നതിനുള്ള സെക്യൂരിറ്റി സംവിധാനമുള്ള റോബോട്ട് മാതൃക, ബോംബ് കണ്ടുപിടിക്കാനുള്ള നൂതനമായ സംവിധാനം എന്നിവയും ശ്രദ്ധ നേടി. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഒട്ടനവധി വ്യവസായ ആശയങ്ങളും ബിസിനസ് മോഡൽ വിഭാഗത്തിൽ ഉണ്ടായി. ഭാവിയുടെ ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് നിലനിർത്തി സാമൂഹികമായ ഘടകങ്ങളും പരിഗണിച്ച് സുസ്ഥിരമായ വ്യവസായ മാതൃകകൾ സൃഷ്ടിക്കാൻ പുതുതലമുറക്ക് കഴിഞ്ഞിട്ടുണ്ട്.