മഴമൂലം തകര്‍ന്ന വീടുകളുടെ ബലക്ഷയം കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ പ്രമേയം. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നോ ലൈഫ് മിഷന്‍ ഫണ്ടില്‍ നിന്നോ നാല് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി അനുവദിക്കണമെന്ന പ്രമേയം കെ.ഡി. പ്രസേനനന്‍ എം.എല്‍.എയാണ്   അവതരിപ്പിച്ചത്. പ്രമേയത്തെ  പി.പി സുമോദ് എം.എല്‍.എ പിന്‍താങ്ങി. സപ്ലൈകോ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംഭരണ തുക കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതില്‍  ബാങ്കുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ലീഡ് ബാങ്ക് മാനേജര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ നല്‍കാനുള്ള തുക പത്ത് ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ജില്ലാ വികസനസമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.


വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമൊഷന്‍ കൗണ്‍സില്‍) മുഖേന പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കണമെന്ന് ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി.മാധവന്റെ ആവശ്യപ്രകാരമാണ് നിര്‍ദ്ദേശം. പട്ടാമ്പി താലൂക്കില്‍ പച്ചത്തേങ്ങ സംഭരണ കേന്ദ്രം ആരംഭിക്കാന്‍ സാധിക്കുമോ എന്നത് പരിശോധിച്ച് വരികെയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി.

പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കണമെന്ന്  മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ രക്തബാങ്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും കെ. പ്രേംകുമാര്‍ എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടു. കൊട്ടേക്കാട് പ്രത്യേകമായി കാന്‍സര്‍ ക്യാമ്പ് നടത്തണമെന്ന ആവശ്യം എ. പ്രഭാകരന്‍ എം.എല്‍.എ മുന്നോട്ട് വച്ചു.പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈ ല്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ ബാക്കിയുള്ള പ്രവര്‍ത്തികള്‍ ഓഗസ്റ്റ് 30നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണപുരം, തിരുവാഴിയോട് മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്  പൊലീസ്-എക്സൈസ് സത്വര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ കെ.പ്രേംകുമാര്‍ ആവശ്യപ്പെട്ടു.

ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ബാബു, അഡ്വ. കെ.ശാന്തകുമാരി, എ.പ്രഭാകരന്‍, മുഹമ്മദ് മുഹ്സിന്‍, കെ. പ്രേംകുമാര്‍, കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി.മാധവന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, എ.ഡി.എം കെ.മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.