നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി
കറുകുറ്റി മൂക്കന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കറുകുറ്റി- ആഴകം റോഡ് ബി.എം.സി നിലവാരത്തിലേക്ക്. 5.54 കോടി രൂപ ചെലവഴിച്ചാണ് പി.ഡ.ബ്യു.ഡി റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. റോജി. എം.ജോൺ എംഎൽഎ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്ഥലം സൗജന്യമായി വിട്ടുനൽകുന്നവരുടെ മതിലുകളും മറ്റും പൊളിച്ചു വീതി കൂട്ടി വീണ്ടും നിർമ്മിക്കും. ഇതിന് ആവശ്യമായ തുക ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കും. റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലേക്കുള്ള എളുപ്പവഴിയായി റോഡ് മാറും.
ചടങ്ങിൽ കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ജോയി, പഞ്ചായത്ത് അംഗങ്ങളായ മിനി ഡേവിസ്, കെ. പി അയ്യപ്പൻ,റോസി പോൾ,ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.