മാതൃകാപരമായ അധ്യാപകനുണ്ടായാല്‍ മാത്രമേ നല്ല വിദ്യാര്‍ത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഇളമ്പച്ചി ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെട്ടു എന്ന് പറയുമ്പോഴും നല്ല കുട്ടികളെ സമൂഹത്തിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന പ്രവണതകളെ ചെറുക്കണം. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസ സമ്പ്രദായമാണ്. പുതിയ കാലത്തെ കടമകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് കുട്ടികളെ കൊണ്ട് ചെയ്യിക്കാനുള്ള ശേഷി അധ്യാപകരും രക്ഷാകര്‍തൃ സംഘടനകളും പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.രാജേഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഉസ്‌ബെക്കിസ്താനില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടില്‍ മൂന്നാം സ്ഥാനം നേടിയ വി.എസ്.അനുപ്രിയയ്ക്കും ടെന്നിക്കൊയ്ത്ത് സൗത്ത് സോണ്‍ സീനിയര്‍ നാഷണല്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ കെ.ദേവികയ്ക്കും മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.
പൊതു മരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അനുമോദിച്ചു.
ഹയര്‍ സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍.മണികണ്ഠന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.സുരേന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.പി.ബാലാദേവി, ചെറുവത്തൂര്‍ എ.ഇ.ഒ രമേശന്‍ പുന്നത്തിരിയന്‍, സ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സന്നിഹിതരായി.