ഒലി മീഡിയ ഗ്രാമീണ വാര്‍ത്താ ചാനല്‍ ഉദ്ഘാടനം ചെയ്തു


ഗ്രാമീണ വാര്‍ത്തകള്‍ക്ക് മുഖ്യധാര മാധ്യമങ്ങളില്‍ ഇടം കുറയുമ്പോള്‍ ഇത്തരം മാധ്യമ സംരംഭവുമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി ഒലി മീഡിയ ഗ്രാമീണ വാര്‍ത്താ ചാനല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീനമായ ഒരു ആശയമാണ് പുല്ലൂര്‍ – പെരിയ പഞ്ചായത്ത് മുന്നോട്ട് വെച്ചത്. ഇന്നത്തെക്കാലത്ത് ഇത്തരം സംരംഭങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്. ഗ്രാമീണ വാര്‍ത്തകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ വരുന്നുണ്ട്. യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങള്‍ വിസ്മരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം ഗ്രാമീണ വാര്‍ത്താ ചാനലുകള്‍ ബദലായി പ്രവര്‍ത്തിക്കാന്‍ കഴിയണം. പോസിറ്റീവ് വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഒലി മീഡിയുടെ ആദ്യ വിഷയം ശുചിത്വം തന്നെ ആവട്ടെയെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ശരിയായ മാലിന്യ സംസ്‌കരണം എങ്ങനെയാകണമെന്ന് ആളുകളെ ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. വി.ഇ.ഒ ജിജേഷ് വി ശശീന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കാര്‍ത്യായനി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ചന്ദ്രന്‍ കരിച്ചേരി, ഷാഹിദ് റാഷിദ്, സുമ കുഞ്ഞികൃഷ്ണന്‍, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സീത, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി.രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. എം.കെ.ബാബുരാജ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പാള്‍ കെ.എം. വിജയകൃഷ്ണന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.വി.കരിയന്‍, ടി.രാമകൃഷ്ണന്‍ നായര്‍, എ.ഷീബ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രമോദ് പെരിയ, എന്‍.ബാലകൃഷ്ണന്‍, എ.എം.മുരളീധരന്‍, മുസ്തഫ പാറപ്പള്ളി എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ സ്വാഗതവും പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം ടി.വി.അശോകന്‍ നന്ദിയും പറഞ്ഞു.

ഒലിയിലൂടെ അറിയിപ്പുകള്‍ ഇനി ജനങ്ങളിലേക്ക്

പുല്ലൂര്‍പെരിയ പഞ്ചായത്തിന്റെ ‘ഒലി’ വാര്‍ത്താ ചാനല്‍ ഇനി ജനങ്ങളിലേക്ക്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വാര്‍ത്തകളും, അറിയിപ്പുകളും ഇനി നേരിട്ട് ജനങ്ങളിലെക്കെത്തും. ‘ഒലി’ വാര്‍ത്താ ചാനലിലൂടെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും, വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും, പദ്ധതികളും ഓണ്‍ലൈന്‍ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കും. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഒലി ലഭ്യമാക്കും. പലപ്പോഴും ആനുകൂല്യങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ അറിയിക്കും. ഒലി വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നതിലൂടെ പഞ്ചായത്തിന്റെ ഗ്രാമസഭ പോലെയുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനാകും. പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളും സോഷ്യല്‍ മീഡിയ മോണിറ്റൈസേഷനുമാണ് പദ്ധതിയുടെ പ്രധാന വരുമാന സ്രോതസ്സ്. വാര്‍ത്താ ചാനലിനായി ആരംഭിക്കുന്ന സ്റ്റുഡിയോ പഞ്ചായത്ത് പരിധിയിലുള്ള മറ്റു ചടങ്ങുകള്‍ക്ക് കൂടി ഉപയോഗപ്പെടുത്തി അധിക വരുമാനം കണ്ടെത്താനും ലക്ഷ്യമിടുന്നു.

ഫോട്ടോ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി ഒലി മീഡിയ ഗ്രാമീണ വാര്‍ത്താ ചാനല്‍ ഉദ്ഘാടനം പെരിയ നവോദയ വിദ്യാലയത്തില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിക്കുന്നു