കേന്ദ്ര സര്‍ക്കാര്‍ മാതൃ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ 21 വര്‍ഷമായി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് ലയിപ്പിക്കുന്നു. 1098 എന്ന നമ്പറില്‍ ലഭിച്ച സേവനങ്ങള്‍ ആഗസ്റ്റ് 1 മുതല്‍ 112 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെ ആവശ്യമായ സേവനം കുട്ടികള്‍ക്ക് ഉറപ്പുവരുത്തും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു. ചൈല്‍ഡ് ലൈന്‍ പദ്ധതി നടത്തിപ്പിലെ കഴിഞ്ഞകാല അനുഭവങ്ങളും, മാതൃകകളും ഉള്‍ചേര്‍ന്നുകൊണ്ട് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ മുന്നോട്ടു പോകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശിച്ചു.

ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നല്‍കിയ സന്നദ്ധ സംഘടനയായ ജ്വാലയെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു. കഴിഞ്ഞ 21 വര്‍ഷത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഡയറക്ടര്‍ സി.കെ ദിനേശന്‍ അവതരിപ്പിച്ചു. 2002 ലാണ് ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ 2023 ജൂലൈ വരെ 12,953 കുട്ടികളുടെ പ്രശ്നങ്ങള്‍ ചൈല്‍ഡ് ലൈനിലൂടെ പരിഹരിച്ചു. മിഷന്‍ വാത്സല്യ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ് വിശദീകരിച്ചു. കോഡിനേറ്റര്‍ പി.ടി അനഘ, കൗണ്‍സിലര്‍ ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഉപദേശക സമിതി അംഗങ്ങളും, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.