ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ മുന്നേ നടന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാണെന്നും കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപിക്കുമെന്നും തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ‘ഉയരങ്ങള്‍ കീഴടക്കാം’ ജില്ലാതല പ്രവേശനോത്സവവും ജില്ലാപഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റൈസിംഗ് കാസര്‍കോട് വ്യവസായ നിക്ഷേപക സംഗമം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ നാം സമ്പൂര്‍ണ്ണസാക്ഷരത നേടിയെങ്കിലും ഇന്ന് അത് നിലനിര്‍ത്തണമെങ്കില്‍ ഡിജിറ്റല്‍ സാക്ഷരത കൂടി അനിവാര്യമായിരിക്കുന്നുവെന്നും അതിനായി ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശമാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. തുടര്‍ന്ന് മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുകയും ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുകയും ചെയ്യുന്ന കെ ഫോണ്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി കേരളപ്പിറവി ദിനത്തില്‍ കെ സ്മാര്‍ട്ട് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഈ ആപ്ലിക്കേഷന്‍ വരുന്നതോടെ പെതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുഗമമായും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവേശനോത്സവം മൊബൈല്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ‘ഉയരങ്ങള്‍ കീഴടക്കാം’ ജില്ലാതല പ്രവേശനോത്സവം വിദ്യാനഗര്‍ അസാപ് ഹാളില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സ്മാര്‍ട്ട് ഫോണില്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പഠിതാക്കളും സാക്ഷരതാ പ്രവര്‍ത്തകരും മന്ത്രിയോടൊപ്പം മൊബൈല്‍ ഫോണില്‍ ടോര്‍ച്ച് പ്രകാശിപ്പിച്ചതോടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലാതല പ്രവേശനോത്സവത്തിന് തുടക്കമായി. ജില്ലയിലെ 30നും 60നും ഇടയില്‍ പ്രായമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരെ ഡിജിറ്റല്‍ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സംരംഭമായാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ജില്ലാ സാക്ഷരതാ മിഷനും, കൈറ്റും, ലൈബ്രറി കൗണ്‍സിലും പദ്ധതിക്ക് നേതൃത്വം നല്‍കുന്നു. അഞ്ച് ദിവസം തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വീതം പത്ത് മണിക്കൂര്‍ ക്ലാസ്സ് നല്‍കും. എല്ലാ പഠിതാക്കള്‍ക്കും കൈപ്പുസ്തകം നല്‍കും.

ഫോട്ടോ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ‘ഉയരങ്ങള്‍ കീഴടക്കാം’ ജില്ലാതല പ്രവേശനോത്സവം വിദ്യാനഗര്‍ അസാപ് ഹാളില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സ്മാര്‍ട്ട് ഫോണില്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച് ഉദ്ഘാടനം ചെയ്യുന്നു