സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോർജ്. സ്വകാര്യതയ്ക്കുള്ള അവകാശം, സൈബർ ലോകത്തെ പ്രശ്‌നങ്ങൾ, സുരക്ഷാ പ്രശ്‌നങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും എന്ന വിഷയത്തിൽ സംസ്ഥാന വനിത കമ്മീഷനും ദേശീയ വനിത കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്‌ലാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭൂരിഭാഗം സൈബർ കുറ്റകൃത്യങ്ങളും ഇരയാകപ്പെടുന്നവർ  അറിഞ്ഞല്ല സംഭവിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ വർധനവുണ്ട്. സ്വകാര്യത മാലിക അവകാശമാണെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ട്. ഭരണഘടനപരമായ അവകാശങ്ങളെ ലംഘിക്കുന്ന സൈബർ ഇടപെടലുകൾ അനുവദിക്കില്ല. 20 പോലീസ് ജില്ലകളിലായി 20 സൈബർ പോലീസ് സ്റ്റേഷനുകൾ സംസ്ഥാന ഗവൺമെന്റ് ആരംഭിച്ചു. ജില്ല പോലീസ് മേധാവിയുടെ ആസ്ഥാനത്തും പ്രത്യേക സൈബർ പോലീസ് സംഘം കുറ്റാന്വേഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന സാഹചര്യം മാറണം. ഇതിനായി പൊതുബോധത്തിൽ മാറ്റം വരണം. കുറ്റകൃത്യങ്ങൾക്കെതിരായി നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സഹായം ഗവൺമെന്റ് നൽകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അധ്യക്ഷത വഹിച്ചു.  സംസ്ഥാന വനിത കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, സ്വാഗതം ആശംസിച്ച ചടങ്ങിൽ വി ആർ മഹിള മണി, പി കുഞ്ഞായിഷ, ആർ പാർവതി ദേവി, എ യു സുനിൽകുമാർ, ഷാജി സുഗുണൻ, ധന്യ മേനോൻ എന്നിവർ സംബന്ധിച്ചു.