പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലയില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തില്‍ തുടര്‍ നടപടികള്‍ക്കായിമാറ്റിവച്ച പരാതികളില്‍ 673 പരാതികള്‍ക്ക് പരിഹാരം. കഴിഞ്ഞ മേയ് മാസത്തില്‍ വ്യവസായ വകുപ്പു മന്ത്രി പി.രാജീവിന്റെയും കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിന്റെയും നേത്വത്തില്‍ എഴു താലൂക്കുകളിലായി നടന്ന അദാലത്തുകളില്‍ തുടര്‍നടപടികള്‍ക്കായി മാറ്റിവച്ച 1187 പരാതികളാണ് പരിഗണിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പരിഹാരം.

കൊച്ചി താലൂക്കില്‍ പരിഗണിച്ച 150 പരാതികളില്‍ 61 പരാതികള്‍ക്ക് പരിഹാരമായി. കോതമംഗലം താലൂക്കില്‍ 173 പരാതികളില്‍ 51 പരിഹരിച്ചു. കണയന്നൂര്‍ താലൂക്കില്‍ പരിഗണിച്ച 196 പരാതികളില്‍ 143 പരാതികള്‍ക്ക് പരിഹാരമായി. മൂവാറ്റുപുഴ താലൂക്കില്‍ പരിഗണിച്ച 86 പരാതികളില്‍ 46 പരാതികള്‍ക്ക് പരിഹാരമായി. കുന്നത്തുനാട് താലൂക്കില്‍125 പരാതികള്‍ക്ക് പരിഹാരമായി. 191 പരാതികളാണ് പരിഗണിച്ചത്. പറവൂര്‍ താലൂക്കില്‍ പരിഗണിച്ച 199 പരാതികളില്‍ 121 പരിഹാരമായി. ആലുവ താലൂക്കില്‍ പരിഗണിച്ച 192 പരാതികളില്‍ 126 പരാതികള്‍ പരിഹരിച്ചു.

വിവിധ താലൂക്കുകളിലായി 514 പരാതികള്‍ തുടര്‍ നടപടിള്‍ക്കായി മാറ്റിവച്ചു. ഓഗസ്റ്റ് 30 നകം അദാലത്തില്‍ ലഭിച്ച മുഴുവന്‍ പരാതികളിലും തീര്‍പ്പുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കണയന്നൂര്‍, പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി നടന്ന ജില്ലയിലെ അദാലത്തുകളില്‍ ആകെ1703 പരാതികളാണ് പരിഗണിച്ചത്. അതില്‍1225അപേക്ഷകരെ മന്ത്രിമാര്‍ നേരില്‍ കണ്ട്പരാതികള്‍ തീര്‍പ്പാക്കിയിരുന്നു. അപേക്ഷകര്‍ ഹാജരാകാത്തതിനാല്‍ 478 പരാതികള്‍മാറ്റി വയ്ക്കുകയും 1205പുതിയ അപേക്ഷകള്‍ലഭിക്കുകയും ചെയ്തിരുന്നു. അദാലത്തുകളില്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തവ തുടര്‍നടപടികള്‍ക്കായി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയിരുന്നു. അവയിലുണ്ടായ നടപടി പുരോഗതിയാണ് അവലോകനയോഗത്തില്‍ മന്ത്രിമാര്‍ വിലയിരുത്തിയത്.

വയോജന സംരക്ഷണം, മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതി, ഭൂമി സംബന്ധമായ വിഷയങ്ങൾ, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, സംരംഭം തുടങ്ങാൻ ആവശ്യമായ സഹായം, ലൈഫ് മിഷൻ പദ്ധതി വഴി വീട് ലഭ്യമാകുന്നത് സംബന്ധിച്ച്, കർഷകത്തൊഴിലാളി പെൻഷൻ, കുടിവെള്ള കണക്ഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ വിവിധ പരാതികളാണ് പരിഗണിച്ചത്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, സബ് കളക്ടര്‍ പി. വിഷ്ണു രാജ്, എ.ഡി.എം: എസ്. ഷാജഹാന്‍, മൂവാറ്റുപുഴ ആര്‍ഡിഒ: പി.എന്‍ അനി, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍കുമാര്‍, വി.ഇ.അബ്ബാസ്, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.