അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്-ഇ.എം.എസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടക്കുന്നത്. നാടിന്റെ വികസനത്തിന്റെ മുഖമുദ്ര റോഡുകളുടെ വികസനമാണെന്നും തദ്ദേശസ്ഥാപനങ്ങൾക്ക് റോഡുകളുടെ പരിപാലനത്തിൽ പ്രധാന പങ്കുണ്ടെന്നും എം.എൽ.എ പറഞ്ഞു. വികസനത്തിന് കക്ഷിരാഷ്ട്രീയഭേദമില്ലെന്നും എം.എൽ.എ വ്യക്തമാക്കി.

120 മീറ്റർ വരുന്ന റോഡ് സൈഡ് വാൾ കെട്ടി കോൺക്രീറ്റ് ചെയ്യും. ഗ്രാമീണറോഡുകൾ കാലോചിതമായ നവീകരണത്തിലൂടെ ഗതാഗതയോഗ്യമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പാണ്ടിയോട്-ഇ.എം.എസ് റോഡും നവീകരിക്കുന്നത്. പാണ്ടിയോട് നടന്ന ചടങ്ങിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല അധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ജഗൽ വിനായക് , മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.