പ്രളയക്കെടുതിക്ക് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് നിബന്ധനകളില്‍ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് മാറ്റം വരുത്തണമെന്ന് ഇടുക്കി ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാരിേേനാട് അഭ്യര്‍ത്ഥിച്ചു. ദുരിതബാധിതരായ എല്ലാവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കാന്‍ ഇത് ആവശ്യമാണ്. ഭൂമിയും വീടും ആസ്തിയും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി ഭൂമിക്കും വീടിനുമൊപ്പം ജീവന ഉപാധികളും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി നല്‍കുന്നത് സംബന്ധിച്ച് റവന്യൂ, കൃഷി വകുപ്പുകള്‍ സംയുക്തമായി പഠിച്ച് ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ജാഗ്രത കാട്ടണമെന്നും തടസ്സങ്ങളുണ്ടായാല്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടണമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം വേണമെന്നും നിസാര കാര്യങ്ങള്‍ പറഞ്ഞ് പ്രവൃത്തികള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുതെന്ന് ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് മൂന്നാറില്‍ നിന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റിയ ഓഫീസുകള്‍ അടിയന്തരമായി  പുനസ്ഥാപിക്കണമെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, എ.ഡി.എം പി.ജി. രാധാകൃഷ്ണന്‍ , ജില്ലാതല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.