ആരോഗ്യ സംരക്ഷണത്തിനു മികച്ച മാര്‍ഗം രോഗപ്രതിരോധമാണെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ നടക്കുന്ന ആരോഗ്യ-സാക്ഷരത ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശിലേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസുഖങ്ങള്‍ വന്നതിനു ശേഷം ചികിത്സയ്ക്കു സമയം കണ്ടെത്തുനതിന് പകരം ജീവിതശൈലി രോഗങ്ങളുള്‍പ്പെടെ എല്ലാ രോഗങ്ങളും പ്രതിരോധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അറിവിലൂടെയും ആരോഗ്യ സാക്ഷരതയിലുടെയും ജനങ്ങളെ മനസിലാക്കുകയാണ് വേണ്ടതെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലും അഭിപ്രായപ്പെട്ടു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രളയ ദുരന്തങ്ങളാല്‍ എല്ലാം നഷ്ടപ്പെട്ട സാധരണ ജനങ്ങള്‍ക്കു വേണ്ടി ജില്ലയില്‍ പത്തോളം ആരോഗ്യ- സാക്ഷരത മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു. തവിഞ്ഞാലില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രനും പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീലിപ്കുമാറും ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കല്‍ ഓഫിസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡോക്ടര്‍മാരോടൊപ്പം ഡല്‍ഹിയില്‍ നിന്നും ഡോക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘവും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രളയക്കെടുതിയില്‍ നാശങ്ങള്‍ സംഭവിച്ച പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.