വയനാട് ജില്ലാ ആസൂത്രണ സമിതി യോഗം സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവന്‍ എ.പി.ജെ അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്നു. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2018-19 ഭേദഗതി പദ്ധതികള്‍ക്ക് സമിതി അംഗീകാരം നല്‍കി. 2019-20 വാര്‍ഷിക പദ്ധതി രൂപികരണ പ്രവര്‍ത്തനങ്ങള്‍, സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളും പരിഗണിച്ചു. പ്രളയകെടുതിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. ഒക്ടോബര്‍ രണ്ടിന് 2019-20 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന് ആവശ്യമെങ്കില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ചേരാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടിയന്തരിരമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത്, എടവക ഗ്രാമപഞ്ചായത്ത്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2018-19 വാര്‍ഷിക പദ്ധതികളുടെ ഭേദഗതികള്‍ക്കാണ് ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് അഞ്ചു പദ്ധതികള്‍ ഒഴിവാക്കുകയും ഏഴു പദ്ധതികള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. പുതുതായി മൂന്നു പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭേദഗതികള്‍ക്കു ശേഷം ആകെ പുതുതായി വകയിരുത്തിയ തുക 11930000 രൂപയാണ്. എടവക ഗ്രാമപഞ്ചായത്ത് 12 പദ്ധതികള്‍ ഒഴിവാക്കി 23 പദ്ധതികള്‍ പുതുതായി ഏറ്റെടുത്തു. അഞ്ചു പദ്ധതികള്‍ ഭേദഗതി ചെയ്യുകയും ചെയ്തു. ആകെ വകയിരുത്തിയ തുക 4178000 രൂപയാണ്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലു പദ്ധതികള്‍ ഉപേക്ഷിക്കുകയും ഒരെണ്ണം ഭേദഗതി ചെയ്യുകയും ചെയ്തു. അഞ്ചു പദ്ധതികള്‍ പുതുതായി ഉള്‍പ്പെടുത്തി. ആകെ വകയിരുത്തിയ തുക 1923908 രൂപയാണ്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അഞ്ചു പദ്ധതികള്‍ ഒഴിവാക്കുകയും നാലു പദ്ധതികള്‍ ഭേദഗതി ചെയ്യുകയും 16 പദ്ധതികള്‍ പുതുതായി ഏറ്റെടുക്കുകയും ചെയ്തു. പുതുതായി ആകെ വകയിരുത്തിയത് 15052713 രൂപയാണ്. സംസ്ഥാന വിഹിതമായി ലൈഫ് മിഷന്റെ 7655713 രൂപയും ശുചിത്വ മിഷന്‍ 1500000 രൂപയുമടക്കമാണിത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 22 പദ്ധതികള്‍ ഒഴിവാക്കുകയും 18 എണ്ണം ഭേദഗതി ചെയ്യുകയും 28 എണ്ണം പുതുതായി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ആകെ വകയിരുത്തിയ തുക 19786792 രൂപയാണ്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് മൂന്നു പദ്ധതികള്‍ ഒഴിവാക്കുകയും 10 എണ്ണം ഭേദഗതി ചെയ്യുകയും പത്തെണ്ണം പുതുതായി ഉള്‍പ്പെടുത്തികയും ചെയ്തു. ആകെ വകയിരുത്തിയ തുക 1765000 രൂപയാണ്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ആറു പദ്ധതികള്‍ ഉപേക്ഷിക്കുകയും മൂന്ന് എണ്ണം ഭേദഗതി ചെയ്യുകയും രണ്ടെണ്ണം പുതുതായി ഉള്‍പ്പെടുത്തികയും ചെയ്തിട്ടുണ്ട്. ആകെ വകയിരുത്തിയ തുക 1168750 രൂപയാണ്.
