കുടുംബശ്രീയുടെ അമൃതം പൂരകപോഷക യൂണിറ്റുകളെ പൂര്‍ണമായി യന്ത്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 53 ലക്ഷം രൂപയുടെ മെഷീനുകള്‍  പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കി. ആറു മാസം മുതല്‍ മൂന്നു വയസു വരെ പ്രായമായ കുട്ടികള്‍ക്ക് മതിയായ പോഷകം ഉറപ്പ് വരുത്തുന്ന അമൃതം പോഷക മിശ്രിതം തയാറാക്കുന്നവയാണ് ന്യൂട്രീമിക്‌സ് യൂണിറ്റുകള്‍. ജില്ലയിലാകെ എട്ട് ന്യൂട്രീമിക്‌സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മല്ലപ്പള്ളി അമൃതം പൂരകപോഷക യൂണിറ്റ് പൂര്‍ണമായി യന്ത്രവല്‍ക്കരിച്ചതിന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അന്നപൂര്‍ണ്ണ ദേവി നിര്‍വഹിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി. സുബിന്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, വാര്‍ഡ് മെമ്പര്‍ കെ.എസ്. സുമേഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ വി.എസ്. സീമ, മണികണ്ഠന്‍,  ന്യൂട്രിമിക്‌സ് യൂണിറ്റംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.