പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം
നെല്ല് സംഭരിച്ചതിന്റെ വില ഉടന്‍ വിതരണം ചെയ്യണം
ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ശബരിമല റോഡുകളുടെയും പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ മറ്റ് റോഡുകളുടെയും നവീകരണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി. 438 കിലോമീറ്റര്‍ വരുന്ന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്കായി  57 കോടി രൂപയും പ്രളയത്തില്‍ തകര്‍ന്ന  ജില്ലയിലെ 294 കിലോമീറ്റര്‍ വരുന്ന മറ്റ് റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനായി 20.7 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ബിഎം ആന്‍ഡ് ബിസി റോഡുകളുടെ നിര്‍മാണം നിലവാരം പുലര്‍ത്തുന്നില്ലെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു.
ജില്ലയിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില സപ്ലൈകോ വിതരണം ചെയ്യണമെന്ന് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു. ആറന്മുള നിയോജകമണ്ഡലത്തിലെ നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭിക്കാനുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിലേക്ക് അറിയിക്കണമെന്ന് എംഎല്‍എമാരായ വീണാ ജോര്‍ജും രാജു ഏബ്രഹാമും നിര്‍ദേശിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കണമെന്ന് പൊതുജനങ്ങളോട് മന്ത്രി മാത്യു ടി തോമസ് അഭ്യര്‍ഥിച്ചു. കൂടുതല്‍ സംഭാവന ശേഖരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള കോട്ടയില്‍ 65 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ നിധി ധനസഹായം ലഭിച്ചിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി എന്നിവിടങ്ങളിലും ധനസഹായം ലഭിക്കാനുള്ളവരുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. പ്രളയത്തില്‍ നാശം സംഭവിച്ച വീടുകളുടെ വിവരശേഖരണത്തിനായി നടത്തിയ സര്‍വേ പൂര്‍ണമല്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നാശനഷ്ടം സംഭവിച്ച എല്ലാ വീടുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഇതിനു പരിഹാരം വേണമെന്നും എംഎല്‍എ പറഞ്ഞു. മല്ലപ്പുഴശേരിയില്‍ പൂര്‍ണമായി തകര്‍ന്ന നാലു വീടുകളുടെ വിവരം സര്‍വേയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച് ശേഖരിച്ച സര്‍വേയുടെ വിവരങ്ങള്‍ അതത് പഞ്ചായത്തുകളില്‍ പ്രസിദ്ധീകരിക്കണമെന്നും പരാതി ഉള്ളവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കണമെന്നും എംഎല്‍എമാരായ വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും നിര്‍ദേശിച്ചു.
സര്‍വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുള്ള വീടുതകര്‍ന്നവരുടെ വിവരങ്ങള്‍ എല്ലാ പഞ്ചായത്തിലും തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വേയുടെ വിവരങ്ങള്‍ മണ്ഡലം തിരിച്ച് ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് ജില്ലയിലെ കൃഷി നാശത്തിന്റെ വിവര ശേഖരണം എത്രയും വേഗം പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് നല്‍കണമെന്ന്് എംഎല്‍എമാരായ വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അച്ചന്‍കോവിലാറിന്റെ തീരങ്ങള്‍, കടവുകള്‍ എന്നിവ സംരക്ഷിക്കുന്നതിന് പ്രത്യേക ഫണ്ട് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു.  പന്തളത്തെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് സമയബന്ധിതമായ നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും പറഞ്ഞു. കൂടംകുളം വൈദ്യുത ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് ടവര്‍ സ്ഥാപിക്കുന്നിടത്തെയും വൈദ്യുതി ലൈന്‍ കടന്നു പോകുന്ന സ്ഥലത്തെയും വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എംഎല്‍എമാരായ രാജു ഏബ്രഹാമും അടൂര്‍ പ്രകാശും പറഞ്ഞു. ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളിലെ വീടുകളുടെ എണ്ണം എടുക്കണമെന്ന്് എല്‍എ ഡെപ്യുട്ടി കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
കോലറയാറിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച തുടങ്ങുമെന്ന് മേജര്‍ ഇറിഗേഷന്‍ വിഭാഗം മന്ത്രി മാത്യു ടി തോമസിനെ അറിയിച്ചു. കീഴ്‌വായ്പൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം നിര്‍മാണം ആരംഭിച്ചു. എംഎല്‍എ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം. ഓട്ടോഫീസ് കടവ് പാലത്തിന്റെ സമീപ പാതയുടെ പണികള്‍ പുരോഗമിച്ചു വരുന്നു. കാവനാല്‍ കടവ് പാലത്തിന്റെ ബാക്കിയുള്ള പണികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. പനച്ചിമൂട്ടില്‍ കടവ് പാലം നിര്‍മാണം പുരോഗമിക്കുന്നു. കൊമ്പംകേരി-വെട്ടിത്തുരുത്ത് റോഡ് നിര്‍മാണത്തിനായി തണ്ണീര്‍ത്തടം നികത്തുന്നതിന് അനുമതിക്കായി നടപടി സ്വീകരിച്ചു. തിരുവല്ല ടൗണിലെ റോഡുകളുടെ ഉപരിതലം പുതുക്കുന്നതിനുള്ള പ്രവൃത്തിയുടെ ടെന്‍ഡര്‍ 27ന് തുറന്നു. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നു. മുല്ലേലി തോട്ടില്‍ നിന്നും കോരിയിട്ട മണ്ണ് തിരികെ വീഴാതിരിക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് നിര്‍ദേശിച്ചു. പുറമറ്റം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും. പടുതോട് – ബാസ്‌റ്റോ റോഡ് പണി പുനരാരംഭിച്ചു. വെണ്ണിക്കുളം കെഎസ്ഇബി ഓഫീസിനു സമീപം പൈപ്പ് പൊട്ടിയിരിക്കുന്നത് പരിഹരിക്കണം. കവിയൂര്‍ പഞ്ചായത്തിലെ ഇലവിനാല്‍-നെല്ലിമല റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച് അഞ്ചു വര്‍ഷമായി കിടക്കുന്ന ലോറി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നോട്ടീസ് നല്‍കും. പുറമറ്റം കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റിനായി കോയിപ്രം വില്ലേജില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യല്‍ ഇംപാക്ട് പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ വികസന സമിതി യോഗം എല്‍എ ഡെപ്യുട്ടി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. അഞ്ചു പഞ്ചായത്തുകള്‍ക്കു കുടിവെള്ളം വിതരണം ചെയ്യുന്നതിന് 60 കോടി രൂപ വകയിരുത്തിയിട്ടുള്ള ബ്രഹത് പദ്ധതിയാണിതെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.  സര്‍ക്കാരിന്റെ ഗ്രീന്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതി നടപടികളിലെ കാലതാമസം മൂലം  വൈകാന്‍ ഇടയാകരുതെന്ന് എംഎല്‍എമാരായ രാജു ഏബഹാമും വീണാ ജോര്‍ജും പറഞ്ഞു. എംഎല്‍എ ഫണ്ട് പ്രകാരം അപ്പര്‍ക്കുട്ടനാട്ടിലെ സ്‌കൂളുകള്‍ക്ക് അനുവദിച്ച കംപ്യൂട്ടറുകള്‍ ലഭ്യമാക്കണമെന്ന്് മന്ത്രിയുടെ പ്രതിനിധി അലക്‌സ് കണ്ണമല പറഞ്ഞു. തിരുവല്ല-കായംകുളം റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു താണിരിക്കുന്നതിന് കെഎസ്ടിപി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയുടെ തീരം ഇടിയുന്നതിനു പരിഹാരം കാണുന്നതിന് മൈനര്‍ ഇറിഗേഷന്‍ വിഭാഗം പദ്ധതി തയാറാക്കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ നിര്‍ദേശിച്ചു. പ്രളയത്തെ തുടര്‍ന്ന് കിസുമം മുതല്‍ ചെങ്ങന്നൂര്‍ വരെ പമ്പാ നദിയുടെ കരകളില്‍ വന്നു കിടക്കുന്ന മരങ്ങള്‍ സര്‍ക്കാരിലേക്കു മുതല്‍കൂട്ടുന്നതിന് വനം വകുപ്പ് ടെന്‍ഡര്‍ ഉള്‍പ്പെടെ തുടര്‍ നടപടികള്‍ കൈക്കൊള്ളണം. പ്രളയവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജില്ലാ ഭരണകൂടം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം. അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി എന്നിവിടങ്ങളില്‍ ഉയര്‍ന്ന പാലങ്ങള്‍ നിര്‍മിക്കണം. 2014 മുതല്‍ ജില്ലയിലുണ്ടായ കൃഷി നാശത്തിന്റെ നഷ്ടപരിഹാരം വിതരണം ചെയ്യണം. ഇതിനായി കൃഷി നാശത്തിന്റെ വിവരം കൃഷി ഓഫീസര്‍മാരില്‍ നിന്നു ശേഖരിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സര്‍ക്കാരിലേക്കു നല്‍കണം. ബിമ്മരം കോളനിയില്‍ പ്രളയത്തില്‍ തകര്‍ന്ന അംഗന്‍വാടി കെട്ടിടം പുനര്‍നിര്‍മിക്കണം. ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ നടപടി സ്വീകരിക്കണം. ഗതാഗത തടസം സൃഷ്ടിക്കുന്ന റോഡ് റോളറുകള്‍ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി സ്വീകരിക്കണം. റാന്നി സിവില്‍ സ്റ്റേഷനില്‍ ഫയര്‍ ഫോഴ്‌സിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കണം. പേരൂച്ചാല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. റാന്നി താലൂക്കില്‍ 1052 അപേക്ഷകളില്‍ റീസര്‍വേ അപാകതകള്‍ പരിഹരിച്ചു. ബാക്കി 1419 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു വരുന്നതായും തഹസീല്‍ദാര്‍ അറിയിച്ചു. റാന്നി-കൊച്ചുകുളം സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതികള്‍ക്ക് തടസം ഉണ്ടാകരുതെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ ശുചീകരിക്കുന്നതിന് നടപടി സ്വീകരിക്കണം. കോഴഞ്ചേരിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടികള്‍ വേഗമാക്കണം. പുതിയ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. മഞ്ഞനിക്കര-മുളക്കുഴ റോഡിന്റെ നവീകരണം വേഗമാക്കണം. നിര്‍മിതി കേന്ദ്രവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ വേഗമാക്കുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം. പത്തനംതിട്ട മണ്ണാറമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലഭിക്കാത്തത് ഉള്‍പ്പെടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന്് വീണാ ജോര്‍ജ് എംഎല്‍എ നിര്‍ദേശിച്ചു. കുമ്പനാട്-ഓതറ  റോഡ് പണിയുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പുനസ്ഥാപിക്കുന്നതു സംബന്ധിച്ച പ്രശനം പരിഹരിക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. പ്രളയത്തെ തുടര്‍ന്ന്് റോഡിലെ ഓടകളിലുണ്ടായിട്ടുള്ള തടസങ്ങള്‍ നീക്കണം. പത്തനംതിട്ട നഗരസഭ പത്താം വാര്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ അറ്റകുറ്റപ്പണി നടത്തി. പത്തനംതിട്ട നഗരസഭയിലെ മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് വീണാ ജോര്‍ജ് എംഎല്‍എയുടെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തിലെ നിര്‍ദേശങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തും. കുറ്റൂര്‍ പഞ്ചായത്തില്‍ വരട്ടാര്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. അടുത്തയാഴ്ച കല്ലുകള്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എംഎല്‍എയെ അറിയിച്ചു.
പന്തളം ബൈപ്പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിക്കുമെന്ന്് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. അടൂര്‍ കോടതി സമുച്ചയത്തിന്റെ എസ്റ്റിമേറ്റ് രണ്ടാഴ്ചയ്ക്കകം തയാറാകും. അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ എസ്റ്റിമേറ്റ് ഒക്ടോബര്‍ ആദ്യവാരം നല്‍കും. പള്ളിക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മാണം ഒക്ടോബര്‍ 30ന് മുന്‍പ് പൂര്‍ത്തീകരിക്കും. ഏനാത്ത് ചന്തയ്ക്കു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി കെഎസ്ടിപി അധികൃതരുമായി പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ചര്‍ച്ച ചെയ്യും. അടൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിച്ചു വരുന്നു. പന്തളം-തുമ്പമണ്‍-കടയ്ക്കാട് റോഡിലും കെപി റോഡിലും ഓടയ്ക്കു മുകളില്‍ സ്ലാബിടുന്നതിനുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി നല്‍കി. പന്തളം നഗരസഭയിലെ ഓടകള്‍ക്കു മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ക്രമീകരിച്ചു. അടൂര്‍ പുതിയാലിച്ചിറയ്ക്കു സമീപം നാല്‍പതിനായിരത്തില്‍ പടിയില്‍ കലുങ്ക് പുതുക്കി പണിയുന്നതിന് 50 ലക്ഷം രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണെടുക്കുന്നതിനായി സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഇടപ്പോണ്‍ ഐരാണി പുഴയിലെ ഷട്ടര്‍ തുറക്കുന്നതിനും പഴയത് മാറ്റി പുതിയ ഷട്ടര്‍ സ്ഥാപിക്കുന്നതിനും 41 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് മൈനര്‍ ഇറിഗേഷന്‍ വിഭാഗം തയാറാക്കി സര്‍ക്കാരിലേക്ക് നല്‍കി. തെങ്ങമം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിട നിര്‍മാണം ഒക്ടോബര്‍ 10ന് അകം നിര്‍മിതി കേന്ദ്രം പൂര്‍ത്തിയാക്കും. തുമ്പമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം വേഗമാക്കും. പന്തളം ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു സംബന്ധിച്ച് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പ്രത്യേക യോഗം വിളിക്കും. എംഎല്‍എ ഫണ്ട് പ്രകാരം സ്‌കൂളുകള്‍ക്ക് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമായെന്ന് ഒക്ടോബര്‍ 15ന് അകം ഉറപ്പാക്കണം. കൊടുമണ്‍ അങ്ങാടിക്കല്‍ സ്‌കൂള്‍ റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണം. തുമ്പമണ്‍ സിഎച്ച്‌സിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കണം. പന്തളം തോന്നല്ലൂരില്‍ കനാല്‍ തകര്‍ന്നത് പുനര്‍നിര്‍മിക്കണം. പ്രളയവുമായി ബന്ധപ്പെട്ട് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകളുടെ സഹായം അര്‍ഹരായ എല്ലാവര്‍ക്കും ലഭിച്ചുവെന്ന്് ഉറപ്പാക്കണം. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന ആനയടി-പഴകുളം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.
കരിമാന്‍തോട് പൂച്ചക്കുളം റോഡില്‍ വൈദ്യുതി ലൈന്‍ താഴ്ന്നു കിടക്കുന്നത് അപകടാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും പരിഹാരം കാണണമെന്നും അടൂര്‍ പ്രകാശ് എംഎല്‍എ നിര്‍ദേശിച്ചു. മഞ്ഞക്കടമ്പ്- മാവനാല്‍ റോഡില്‍ നിന്നും അപകടത്തിന് ഇടവരുത്താവുന്ന പോസ്റ്റ് നീക്കം ചെയ്യണം. ചിറ്റാര്‍ അഞ്ചേക്കര്‍ കോളനിയില്‍ ഉരുള്‍പൊട്ടല്‍ ഭയന്ന് മാറി താമസിച്ചവര്‍ക്ക് ലഭിച്ച ദുരിതാശ്വാസ ധനസഹായം തിരികെ പിടിക്കാനുള്ള നടപടി ജില്ലാ കളക്ടര്‍ പരിശോധിക്കണം. ചിറ്റാര്‍ മീങ്കുഴി ഭാഗത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണ് നീക്കം ചെയ്യണം. വള്ളിക്കോട് പിഎച്ച്‌സിയെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയായി ഉയര്‍ത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എംഎല്‍എയെ അറിയിക്കണമെന്ന്് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കോന്നി താലൂക്ക് ആശുപത്രിയില്‍ നിന്ന്് മാറ്റി നിയമിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മടക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കലഞ്ഞൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ചിറ്റാര്‍ ഗവ. ആശുപത്രി കെട്ടിടം നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി നല്‍കി. പയ്യനാമണ്‍-ആനകുത്തി, മുരിങ്ങമംഗലം-ആനകുത്തി റോഡുകളുടെ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രഥമിക നടപടി തുടങ്ങി. കെപി റോഡില്‍ ഏനാദിമംഗലം ഭാഗത്ത് പത്തനാപുരം മുതല്‍ ഏഴംകുളം വരെയുള്ള സ്ഥലങ്ങളിലെ കുഴി അടച്ചു. ശബരിമല പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി ബിസി ഓവര്‍ലേ ചെയ്യും. മാമ്മൂട്, ഇളമണ്ണൂര്‍ റോഡുകളില്‍ ഗതാഗതം നിരോധിച്ച് അധികൃതരുടെ അനുമതി കൂടാതെ വച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തു. കലഞ്ഞൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലറേത്ത് മുതല്‍ മലനട വരെയുള്ള പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കണമെന്ന്് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
തിരുവല്ലയില്‍ നിന്നും റാന്നി, ചുങ്കപ്പാറ, പെരുമ്പെട്ടി ഭാഗത്തേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ.കെ. ജയവര്‍മ്മ ആവശ്യപ്പെട്ടു. മല്ലപ്പള്ളി കാരമലയിലെ ഉരുള്‍പൊട്ടലിന്റെ കാരണം പരിശോധിക്കണം. മണിയാര്‍ ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കണം. പ്രളയത്തെ തുടര്‍ന്നുണ്ടായ മണല്‍ പമ്പാ നദിയില്‍ നിക്ഷേപിക്കുകയും ചെളി നീക്കം ചെയ്യുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എഴുമറ്റൂര്‍ കൂലിപ്പാറ വഴി വട്ടരി മലയിന്‍കീഴിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ നിര്‍മാണം രണ്ടു മാസം കൊണ്ടു പൂര്‍ത്തിയാകും.  അഞ്ചു റീച്ചുള്ള പ്രവൃത്തിയുടെ മൂന്നു റീച്ചുകള്‍ പൂര്‍ത്തിയായെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.  മല്ലപ്പള്ളി താലൂക്കില്‍ അനധികൃത മണ്ണെടുപ്പ് തടയുന്നതിന് താലൂക്ക് സ്‌ക്വാഡുകള്‍ പരിശോധന നടത്തി വരുകയാണെന്ന് തിരുവല്ല ആര്‍ഡിഒ അറിയിച്ചു.
 പ്രളയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായും എല്ലാവരോടും നന്ദി അറിയിക്കുന്നതായും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ഉണ്ടാകണം. മികച്ച ഫലം സൃഷ്ടിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് റാന്നി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ യഥാക്രമം ഒക്ടോബര്‍ ഒന്ന്, മൂന്ന്, നാല് തീയതികളില്‍ പ്രത്യേക അദാലത്ത് നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തിനായി അനുവദിച്ചിട്ടുള്ള തുക ഫലപ്രദമായി സമയബന്ധിതമായി വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വകുപ്പുകള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വകുപ്പുകള്‍ക്ക് തമ്മില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിംഗ് ഓഫീസര്‍ എന്‍. സോമസുന്ദരലാല്‍, തിരുവല്ല ആര്‍ഡിഒ റ്റി.കെ. വിനീത്, അടൂര്‍ ആര്‍ഡിഒ എം.എ. റഹീം, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.