പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് സഹകരണമേഖല മികച്ച പിന്തുണയാണ് നൽകുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാർലമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പറളി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ് നിർമാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വളരെയേറെ സംഭാവന നൽകിയിട്ടുള്ള മേഖലയാണ് സഹകരണപ്രസ്ഥാനം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് 60 കോടിയാണ് സഹകരണമേഖല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.വി.വിജയദാസ് എം.എൽ.എ അധ്യക്ഷനായി. കേരളത്തിന്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറളി സർവീസ് സഹകരണബാങ്കിന്റെ 2017-18 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 3,63,776 രൂപയും ബാങ്കിന്റെ നടപ്പു വർഷത്തെ ചെലവ്, ബാങ്ക് പ്രസിഡന്റിന്റെ ഓണറേറിയം, ബാങ്ക് ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ് ഫീസ് എന്നിവയുൾപ്പെടെ 50000 രൂപ, പറളി പഞ്ചായത്ത് നൽകുന്ന അഞ്ച് ലക്ഷം രൂപ എന്നിവ മന്ത്രിക്ക് കൈമാറി.
നിലവിൽ ഗ്രേഡ് വൺ ബാങ്കായ പറളി സർവീസ് സഹകരണ ബാങ്ക് 1921 ൽ ഐക്യനാണയസംഘം എന്ന പേരിൽ ആരംഭിക്കുകയും 1961 മുതൽ സർവീസ് സഹകരണ ബാങ്കായി മാറുകയും ചെയ്തു. 97 വർഷത്തെ സേവന പാരമ്പര്യമുള്ള ബാങ്കിന് പുതിയ മൂന്ന് ശാഖകൾ ആരംഭിക്കാൻ പദ്ധതിയുള്ളതായി ബാങ്ക് പ്രസിഡന്റ് കെ.ടി സുരേഷ് കുമാർ പറഞ്ഞു.
പറളി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പാലക്കാട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എം.കെ.ബാബു മുഖ്യാതിഥിയായി. പറലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.രാധിക, ബ്ലോക്ക പഞ്ചായത്തംഗം കെ.ശഷിജ, സഹകരണ വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.