ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഭാഗമായി വൈദ്യുത ഓട്ടോ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനമാർഗം കണ്ടെത്തുന്നതിനുമായി പോളിടെക്‌നിക്ക് കോളേജുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്.

വരും വർഷങ്ങളിൽ തൊഴിൽ കേന്ദ്രീകൃത പാഠ്യപദ്ധതി വാഗ്ദാനം ചെയ്യുന്ന സമഗ്ര വൈഞ്ജാനികയിടമായി പോളിടെക്‌നിക്കുകൾ മാറണമെന്നും പോളിടെക്‌നിക്കുകളുടെ ഇത്തരം വിപുലീകരണത്തിലൂടെ തൊഴിലാളിവർഗ സമൂഹങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്നും മന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം സമ്പാദ്യവും, തൊഴിൽ പരിചയവും ലക്ഷ്യമാക്കി ക്യാമ്പസുകളെ ഉൽപാദന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ആറ്റിങ്ങൽ പോളിടെക്‌നിക്കിന്റെ ശ്രമങ്ങൾ മാതൃയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആക്‌സിയൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് വിദ്യാർത്ഥികൾ വൈദ്യുത ഓട്ടോകൾ നിർമിച്ചത്. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്‌മെന്റ് (കൊല്ലം), സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ( തിരുവനന്തപുരം), എന്നിവർക്കായി വിദ്യാർത്ഥികൾ നിർമിച്ച പബ്ലിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട സ്‌റ്റൈപന്റും മന്ത്രി വിതരണം ചെയ്തു.

ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എസ് കുമാരി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ രാജശ്രീ എം.എസ്, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ എം. രാമചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗിരിജ, ആറ്റിങ്ങൽ പോളിടെക്നിക് പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, ആക്‌സിയൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബ്രിജേഷ് ബാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.