നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും വനിതാ ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയർത്താൻ സർക്കാർ തെരഞ്ഞെടുത്ത പത്ത് കലാലയങ്ങളിലൊന്നാണ് മലയോരമേഖലയിലുള്ള നെടുമങ്ങാട് കോളേജെന്ന് മന്ത്രി പറഞ്ഞു. കോളേജ് അധികൃതരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പരിഹാരം കാണാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കോളേജിൽ പുതിയ പദ്ധതികൾക്കായി 2.66 കോടി രൂപ അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. നെടുമങ്ങാട് നിയോജകമണ്ഡലം എം.എൽ.എ കൂടിയായ ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷനായിരുന്നു. നാക് അക്രഡിറ്റേഷനിൽ കോളേജിനെ എ പ്ലസ് പ്ലസ് ഗ്രേഡിലേക്ക് ഉയർത്താൻ എല്ലാവരുടേയും കൂട്ടായപരിശ്രമം ഉണ്ടാകണമെന്നും, സർക്കാറിന്റെ പിന്തുണയുള്ളതിനാലാണ് പുതിയ പദ്ധതികൾ കോളേജിൽ സാധ്യമാക്കാനായതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

കിഫ്ബി ഫണ്ടിൽ നിന്നും 7. 61 കോടി രൂപ ചെലവാക്കിയാണ് അക്കാദമി ബ്ലോക്കിന്റെയും ഹോസ്റ്റലിന്റെയും നിർമാണം പൂർത്തിയാക്കിയത്. നാലു നിലകളുള്ള അക്കാദമിക് ബ്ലോക്കിൽ പത്ത് ക്ലാസ് മുറികളും രണ്ട് റിസർച്ച് മുറികളുമുൾപ്പെടെ 14 മുറികളുണ്ട്.

മൂന്ന് നിലകളിലായി 26 മുറികളാണ് വനിതാ ഹോസ്റ്റലിലുള്ളത്. ഒരു മുറിയിൽ മൂന്ന് കുട്ടികൾ എന്ന നിലയിൽ 78 പെൺകുട്ടികൾക്ക് താമസസൗകര്യമൊരുക്കും. ക്രസന്റ് കൺസ്ട്രക്ഷൻ കമ്പനിയാണ് കെട്ടിടങ്ങൾ നിർമിച്ചത്.

കോളേജ് അധികൃതരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ച് 2.26 കോടിരൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. മലയോര മേഖലയായതിനാൽ മണ്ണിടിച്ചിൽ ഒഴിവാക്കി നിലവിലുള്ള എർത്ത് കട്ടിംഗ് സംരക്ഷിക്കുന്നതിനുള്ള സംരക്ഷണഭിത്തി നിർമിക്കുന്നതിനായി 1.25 കോടി രൂപ, 75 മീറ്റർ നീളത്തിൽ കോൺക്രീറ്റ് റോഡിനായി 27,67,000 രൂപ, പി.ജി ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കാൻ 56 ലക്ഷം രൂപ, പുതിയ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമാണത്തിനായി 13.7 ലക്ഷം രൂപ, മെയിൻ ബ്ലോക്കിന്റെ മുൻവശത്തായി 139 മീറ്റർ നീളത്തിൽ റോഡ് നിർമാണത്തിന് 5.2 ലക്ഷം രൂപ എന്നിവയാണ് ഫണ്ട് അനുവദിച്ച പദ്ധതികൾ. കൂടാതെ വനിതാ ഹോസ്റ്റലിലെ മതിൽ, ഗേറ്റ് എന്നിവയുടെ നിർമാണം, ലൈബ്രറി കോംപ്ലക്‌സ് തുടർനിർമാണം, കോളേജ് കാന്റീൻ കിച്ചൺ നിർമാണം എന്നിവയും നടക്കുന്നുണ്ട്.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, വാർഡ് കൗൺസിലർ അജിത എസ.്, നെടുമങ്ങാട് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. അലക്‌സ് എൽ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.