കാക്കൂരിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. കാക്കൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മയോടെ സ്റ്റേഡിയം നിർമ്മിക്കാൻ ആവശ്യമായ ഇടപെടൽ എല്ലാവരിൽ നിന്നും ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മാണം പൂർത്തിയായാൽ സമീപപ്രദേശങ്ങളിൽ ഒന്നുമില്ലാത്ത വിധത്തിലുള്ള മികച്ച സ്റ്റേഡിയമായിരിക്കും കാക്കൂരിലേതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എം.പി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ എന്നിവർ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ചെയർമാനും ദേവാനന്ദ് ചാലൂർ ജനറൽ കൺവീനറും പി.പി അബ്ദുൽ ഗഫൂർ ട്രഷററുമാണ്.

കാക്കൂരിലെ കായിക പ്രേമികൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ മറ്റ് സുമനസുകൾ എന്നിവരുടെ സഹകരണത്തോടെ ഫണ്ട് സമാഹരണം നടത്തി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് കെ നിഷ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സർജാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റസിയ തോട്ടായി, ഐ പി രാജേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി അബ്ദുൽ ഗഫൂർ, ജൂന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ മോഹനൻ, ജ്യോത്സ്ന എസ്. വി, ആയിഷാബി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ മനോജ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഷൈലേഷ് നന്ദിയും പറഞ്ഞു.