ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ ഓപ്പറേഷന്‍ ഫോസ്‌കോസ് വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധന ഡ്രൈവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 45 ഭക്ഷ്യസ്ഥാപനങ്ങള്‍ അടപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് ദിവസങ്ങളിലായി 302 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 45 സ്ഥാപനങ്ങള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

നിലവില്‍ എഫ്.എസ്.എസ്.ഐ രജിസ്‌ട്രേഷന്‍ മാത്രമുള്ള 32 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ നോട്ടീസ് നല്‍കി. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരുകയായിരുന്നു ഡ്രൈവിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകര്‍ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിയിരുന്നു.

എന്നാല്‍ ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ റജിസ്‌ട്രേഷന്‍ മാത്രം എടുത്തു പ്രവര്‍ത്തിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്. ഭക്ഷ്യ സുരക്ഷ വകുപ്പ് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ എം.കെ രേഷ്മ, അഞ്ചു ജോര്‍ജ്, പി. നിഷ, ഭക്ഷ്യ സുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍ ബിബി മാത്യു, ക്ലാര്‍ക്കുമാരായ പ്രബീഷ്, കെ. കമറുദീന്‍, ഷോണി തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.