തൃശൂർ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലം മുതൽ പോരാട്ടത്തിന്റെ നൂലിഴയായിരുന്നു ഖാദിയെന്ന് പി ബാലചന്ദ്രൻ എംഎൽഎ. കേരളം ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. വൈവിധ്യപൂർണമായ ഉൽപാദനത്തിലൂടെ ഖാദിയുടെ ഛായതന്നെ മാറി. ആഴ്ചയിലൊരിക്കൽ എന്നത് രണ്ടു ദിവസമാക്കി ഖാദി ധരിച്ചുകൊണ്ട് ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു.

ഓണം പൊടിപൊടിക്കാനൊരുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഖാദി ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിത്തുടങ്ങി. ട്രെൻഡിൽ ഒന്നാമതായി നിൽക്കുന്ന ഖാദി കേരള സാരികൾ, പട്ടുസാരികൾ, കോട്ടൻസാരികൾ, ചുരിദാർ ടോപ്പുകൾ, കുർത്തകൾ, അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെയുള്ള വസ്ത്രങ്ങൾ, ഷർട്ടിങ്ങുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കാവിമുണ്ടുകൾ, ഡബിൾ മുണ്ടുകൾ തുടങ്ങിയവയുടെ ഓണവിപണിയാണ് ജില്ലയിൽ ഉടനീളം സജീവമായത്. ജില്ലയിലെ കേരള ഗ്രാമ വ്യവസായ ബോർഡിന്റെയും അംഗീകൃത സ്ഥാപനങ്ങളുടെയും ഷോറൂമുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ഓഗസ്റ്റ് രണ്ട് മുതൽ ഓഗസ്റ്റ് 28 വരെയാണ് ഓണം ഖാദി മേള. ഖാദി പഴയ ഖാദിയല്ല എന്ന തലവാചകത്തോടെയാണ് ഇത്തവണ ഓണവിപണിയിൽ ഖാദി ഉൽപ്പന്നങ്ങൾ എത്തുന്നത്.ഖാദി വസ്ത്രങ്ങൾക്ക് പുറമേ തോർത്തുകൾ, ചവിട്ടികൾ, പഞ്ഞിക്കിടക്കകൾ, തലയിണകൾ, പ്രകൃതിദത്തമായ തേൻ, എള്ളെണ്ണ, സ്റ്റാർച്ച് മുതലായ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ഓണം ഖാദി മേള 2023 ഭാഗമായി നറുക്കെടുപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഒന്നാം സമ്മാനമായി ഇലക്ട്രിക് കാർ, രണ്ടാം സമ്മാനം ഇലക്ട്രിക് സ്കൂട്ടർ, മൂന്നാം സമ്മാനമായി ഒരു പവൻ സ്വർണനാണയം, ഇതോടൊപ്പം മറ്റു സമ്മാനങ്ങൾ എന്നിങ്ങനെയാണ് ലഭിക്കുക.

ആഴ്ചയിലൊരിക്കൽ ഖാദി വസ്ത്രം എന്ന സർക്കാർ ഉത്തരവ് ഖാദി മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. ഈ മാറ്റത്തിൻ്റെ ചുവടുപിടിച്ച് ഒരു കുടുംബത്തിൽ ഒരു ജോഡി ഖാദി വസ്ത്രമെങ്കിലും എന്ന ആശയം പ്രചരിപ്പിക്കാനാണ് ഈ ഓണക്കാലത്ത് ലക്ഷ്യമിടുന്നത്.

ജവഹർ ബാലഭവനിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. കേരള ഖാദി ഗ്രാമ വ്യവസായി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി എസ് ശിവദാസ്, ഡിവിഷൻ കൗൺസിലർമാരായ റെജി ജോയ്, പൂർണിമ സുരേഷ്, നിജി കെ ജി, പി. വരദൻ, പി.ജെ. മെർലിൻ, ബി. സജീവ്, പ്രോജക്ട് ഓഫീസർ എസ് സജീവ് തുടങ്ങിയവർ പങ്കെടുത്തു.

പി ബാലചന്ദ്രൻ എംഎൽഎ സജിത നാരായണൻകുട്ടിക്ക് ഖാദി വസ്ത്രം നൽകികൊണ്ട് ആദ്യ വില്പന നിർവഹിച്ചു. മേളയുടെ ആകർഷണമായ സമ്മാനകൂപ്പൺ വിതരണം പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.